വെള്ളറട: പ്രകൃതിയുടെ സൗന്ദര്യം കോർത്തിണക്കി വെള്ളറട ഗ്രാമപഞ്ചായത്തിലെ പന്നിമല വാർഡിലാണ് പ്ളാങ്കുടിക്കാവ് നെടുംപാറ ഇക്കോടൂറിസം പദ്ധതിക്ക് വേണ്ടി ഗ്രാമപഞ്ചായത്ത് ഇരുപത് ലക്ഷം രൂപ മാറ്റിവച്ച് നിർമ്മാണം തുടങ്ങിയത്. പദ്ധതി ആരംഭിച്ചതോടെ പദ്ധതിക്കെതിരെ വ്യാപകമായ പരാതിയും ഉയർന്നു. ഇത് കണക്കിലെടുത്ത് പ്രകൃതി ഭംഗിക്ക് യാതൊരുവിധ കോട്ടവും തട്ടാതെ മലയോരപഞ്ചായത്തിൽ ടൂറിസത്തിന്റെ തൊഴിൽ സാധ്യതകളും കണക്കിലെടുത്ത് പണികൾ തുടങ്ങി. ആദ്യം ടൂറിസ്റ്റുകൾക്ക് വെയിൽ ഏൽക്കാതെ ഇരിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും ചെറു കുടിലുകളും നിർമ്മിക്കാൻ തീരുമാനമായി. ഇതിനുമുന്നോടിയായി ടൂറിസം ഡിപ്പാർട്ട്മെന്റിന്റെയും എം.എൽ.എയുടെയും സഹായത്തോടെ പണികൾ ആരംഭിച്ചു. എന്നാൽ പദ്ധതിക്കെതിരെ ചിലർ പരാതിയുമായി രംഗത്ത് എത്തിയത് തടയുന്നതിന് ഗ്രാമപഞ്ചായത്ത് സർക്കാരിനെ സമീപിച്ചുവെങ്കിലും ഉചിതമായ നടപടികൾ ഉണ്ടാകാതെ ഇക്കോടൂറിസം പദ്ധതി ഇപ്പോൾ പകിതു വഴിയിൽ നിലച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടകിൾ ഉണ്ടായാൽ പദ്ധതി നടപ്പിലാക്കാൻ ഗ്രാമപഞ്ചായത്തും മുന്നിട്ടു നിൽക്കുകയാണ്.
സഹ്യപർവത അടിവാരത്തെ കൂനിച്ചി, കൊണ്ടകെട്ടി മലയടിവാരത്ത് രണ്ട് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ കാളിമലയും കുരിശുമലയും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപമാണ് റവന്യുവകുപ്പിന്റെ കീഴിലുള്ള ഏക്കർ കണക്ക് വരുന്ന സ്ഥലത്ത് പദ്ധതി തുടങ്ങിയത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കന്യാകുമാരിയും തൃപ്പരപ്പും ചിറ്റാറും കണ്ട് മടങ്ങിവരുന്ന ടൂറിസ്റ്റിന് നെയ്യാർ ഡാം റോഡിൽ നിന്നും ഏറെ അകലെയല്ലാത്ത പ്ളാങ്കുടിക്കാവ് ഇക്കോടൂറിസവും സന്ദർശിക്കാൻ സാധിക്കുമായിരുന്നു. മല മുകളിൽ കയറിയാൽ കിലോമീറ്ററുകൾ ദൂരമുള്ള ഗ്രാമകാഴ്ചകൾ വീക്ഷിക്കാൻ കഴിയും.