kovalam

കോവളം: നഗരസഭയുടെ വെള്ളാർ ഡിവിഷനിൽ ഉൾപ്പെടുന്ന പനത്തുറയിലെ കുടുംബങ്ങൾ കടലാക്രമണ ഭീതിയിൽ. മഴയും കാറ്റും കടലാക്രമണവും ശക്തമായതോടെ എങ്ങോട്ട് പോകണമെന്നറിയാതെ കഴിയുകയാണിവർ. കടലാക്രമണ ഭീഷണി നേരിടുന്ന മറ്റു തീരപ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി സംരക്ഷിക്കുമ്പോൾ പനത്തുറ നിവാസികളെ അധികൃതർ അവഗണിക്കുകയാണ്. കടൽപ്പണിയും കയറുപിരിയുമാണ് ഇവിടെയുള്ളവരുടെ പ്രധാന വരുമാന മാർഗം. മഴ തുടങ്ങിയതോടെ മിക്ക കുടുംബങളും മുഴുപ്പട്ടിണിയിലാണ്. പനത്തുറ തൊട്ടുമുക്ക് പൊഴിക്കര മുതൽ പള്ളിവിളാകം വരെ അഞ്ഞൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. മിക്ക വീടുകളുടെയും അകത്തേക്കാണ് തിരയടിച്ചു കയറുന്നത്. പനത്തുറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ജമാഅത്ത് പള്ളിയും കടലാക്രമണ ഭീഷണിയിലാണ്. ക്ഷേത്രത്തിനകത്തും പള്ളിക്കകത്തും തിരയടിച്ചു കയറുകയാണ്. കടൽഭിത്തി ഉണ്ടെങ്കിലും തിരമാലകൾ അതും കടന്ന് വരികയാണ്. കൂറ്റൻ തിരമാലകൾ കാരണം പല ഭാഗങ്ങളിലും കടൽഭിത്തി തകർന്ന നിലയിലാണ്. ഇത് ബലപ്പെടുത്തുന്നതിന് വേണ്ട നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല. 10 പുലിമുട്ടുകൾ നിർമിക്കുന്നതിന് സർക്കാർ ഫണ്ട്‌ അനുവദിച്ച് പണി തുടങ്ങിയെങ്കിലും കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. നിർമാണത്തിന് കടലിൽ നിരത്തിയ പാറകൾ തിരയിൽ താണുപോയി. കടലാക്രമണ ഭീഷണി നേരിടുന്നവരെ എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്നും പുലിമുട്ട് ഉടൻ നിർമ്മിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകു

മെന്നും നാട്ടുകാർ പറഞ്ഞു.

വീടികളിലേക്കും തിരയടിച്ചിൽ തുടരുകയാണ്

സമീപത്തെ പള്ളിയും അമ്പലവും കടലാക്രമണ ഭീഷണിയിലാണ്

കടൽക്ഷോഭം കാരണം പല കുടുംബങ്ങളും പട്ടിണിയിലാണ്

ഇവരെ നാളിതുവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടില്ല

 പനത്തുറ നിവാസികൾ ഭീതിയോടെയാണ് ഓരോ ദിനവും തള്ളിനീക്കുന്നത്

പൂർണമായി തകർന്നത് ഒരു വീട്

ഭാഗികമായി തകർന്നത് 15ഓളം വീടുകൾ

താമസിക്കുന്നത് 500ഓളം കുടുംബങ്ങൾ

പുലിമുട്ടുകൾ നിർമിച്ചാൽ മാത്രമേ കടലാക്രമണത്തിൽ നിന്ന് രക്ഷനേടാനാകൂ എന്നതിനാൽ ഇവിടെ പുലിമുട്ട് നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്. - പനത്തുറ ബൈജു, ധീവരസഭ നേതാവ്