ksu

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം സി.ബി.ഐയെക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് കോൺഗ്രസ് -കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പ്രതാപൻ നായരെ വധിയ്ക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്.

കേസിൽ പിടിയിലായ 16 പേരെ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്ര് കോടതി റിമാൻഡ് ചെയ്തു. റിങ്കു,ഫെബിൻ, നൗഫൽ, സുഹാൽ, ഷോബിൻ, സഫീർ, അഭിജിത്, നബീൽ നൗഷാദ്, ജോബി, ജംഷീർ, അനിൽ കുമാർ, ബിനു കുമാർ,കൃഷ്ണകാന്ത്, സജിൻ, പീരുമുഹമ്മദ്, ബാഹുൽ കൃഷ്ണ എന്നിവരാണ് പിടിയിലായത്. കണ്ടാലറിയാവുന്ന 500 പേരെയും പ്രതികളാക്കിയിട്ടുണ്ട്.

പ്രതികൾ വലിച്ചെറിഞ്ഞ സോഡാക്കുപ്പി കൊണ്ട് പ്രതാപൻ നായരുടെ കഴുത്തിന് മരകമായ പരിക്കേറ്റതായി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വധശ്രമത്തിന് പുറമെ അന്യായമായി ആയുധമേന്തി സംഘം ചേരൽ ,കലാപം ഉണ്ടാക്കൽ ,പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ, ഔദ്യോഗിക കൃത്യ നിർവഹണം തടയൽ, പൊതുമുതൽ നശീകരണം തടയൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.