ടോക്കിയോ : റാങ്കിംഗിൽ തന്നേക്കാൾ 15 പടി പിന്നിലുള്ള ജാപ്പനീസ് പെൺകൊടി അയോ ഒഹോരിയുമായി നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വിജയം കണ്ട് ഇന്ത്യൻ താരം പി.വി. സിന്ധു ജപ്പാൻ ഒാപ്പൺ ബാഡ്മിന്റണിന്റെ ക്വാർട്ടർ ഫൈനലിലെത്തി.
ഒരു മണിക്കൂർ ഒരുമിനിട്ട് നീണ്ട രണ്ടാം റൗണ്ട് പോരാട്ടത്തിൽ ആദ്യഗെയിം കൈവിട്ട ശേഷം തിരിച്ചടിച്ചാണ് സിന്ധു അവസാന എട്ടിലൊരാളായത്. അഞ്ചാം റാങ്കുകാരിയായ സിന്ധുവിന്റെ വിജയം 11-21, 21-10, 21-13 എന്ന സ്കോറിനായിരുന്നു.
കഴിഞ്ഞവാരം നടന്ന ഇന്തോനേഷ്യൻ ഒാപ്പണിലും സിന്ധു അയോ ഒഹോരിയെ തോൽപ്പിച്ചിരുന്നു.ഇന്തോനേഷ്യൻ ഒാപ്പണിന്റെ ഫൈനലിൽ മറ്റൊരു ജാപ്പനീസ് താരം അകാനെ യമാഗുചിയോടാണ് സിന്ധു തോറ്റിരുന്നത്.
ഇന്നലെ പുരുഷ സിംഗിൾസ് രണ്ടാംറൗണ്ടിൽ ഇന്ത്യൻ താരം സായ് പ്രണീത് വിജയം നേടി ക്വാർട്ടറിലേക്ക് കടന്നു. ആദ്യറൗണ്ടിൽ ലോക 11-ാം റാങ്കുതാരം ജപ്പാന്റെ കെന്റ നിഷിമോട്ടോയെ അട്ടിമറിച്ചിരുന്ന സായ് രണ്ടാം റൗണ്ടിൽ ജപ്പാന്റെ തന്നെ സുനിയാമയെയാണ് കീഴടക്കിയത്. 45 മിനിട്ട് നീണ്ട മത്സരത്തിൽ 21-13, 21-16 നായിരുന്നു സായ്യുടെ വിജയം. ക്വാർട്ടറിൽ ടോമി സുഗിയാർത്തോയാണ് സായ്യുടെ എതിരാളി.
അതേസമയം ആദ്യ റൗണ്ടിൽ ഇന്ത്യൻ ടോപ് സീഡ് കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ചിരുന്ന മലയാളിതാരം എച്ച്.എസ്. പ്രണോയ്ക്ക് ക്വാർട്ടറിൽ കടക്കാനായില്ല. രണ്ടാംറൗണ്ടിൽ ഡെൻമാർക്കിന്റെ റാസ്മസ് ഗെംകേയോട് തോറ്റ് പുറത്താവുകയായിരുന്നു പ്രണോയ്. 21-9, 21-15 എന്ന സ്കോറിനാണ് പ്രണോയ് തോറ്റത്.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടിൽ വിജയിച്ച് ക്വാർട്ടറിലെത്തി.