പോത്തൻകോട്: കൺസെഷൻ പതിക്കാൻ പറ്റില്ലെന്നു പറഞ്ഞ് വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ടതായി പരാതി. തിരുവനന്തപുരം എസ്.എം.വി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി അമൽ ഇർഫാനെയാണ് ബസിൽ നിന്ന് ഇറക്കിവിട്ടത്. ഇന്നലെ വൈകിട്ട് സ്റ്റാച്യുവിലായിരുന്നു സംഭവം. കൺസെഷൻ പതിക്കാൻ കഴിയില്ലെന്ന കാരണം പറഞ്ഞാണ് ആയുർവേദ കോളേജ് ബസ് സ്റ്റോപ്പിൽ നിന്ന് പോത്തൻകോട് വരെ പോകേണ്ട വിദ്യാർത്ഥിയെ സ്റ്റാച്യുവിൽ ഇറക്കിവിട്ടത്. തന്റെ കൈയിൽ പണമില്ലെന്നും സ്ഥലം അറിയില്ലെന്നും പറഞ്ഞപ്പോൾ അതൊന്നും കേൾക്കാൻ കണ്ടക്ടർ തയ്യാറായില്ല. ബസ് ടിക്കറ്റിന് പണമില്ലാതെ സ്റ്റാച്യു ബസ് സ്റ്റോപ്പിൽ വിഷമിച്ചു നിന്ന അമൽ സമീപത്തു നിന്ന സെക്രട്ടേറിയറ്റിലെ കാന്റീൻ ജീവനക്കാരനായ ഗിരീഷിന്റെ ഫോണിൽ വീട്ടിലേക്കു വിളിച്ച് പിതാവായ ഷംനാദിനോട് വിവരം പറഞ്ഞു. ഒടുവിൽ ഗിരീഷ് തന്നെ തൊട്ടടുത്തുള്ള കടയിൽ നിന്ന് മുപ്പത് രൂപ വാങ്ങി അമലിന് കൊടുക്കുകയായിരുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റായ അമൽ എസ്.പി.സി പരിശീലന ക്ലാസ് കഴിഞ്ഞാണ് വീട്ടിലേക്ക് തിരിച്ചത്. അമലിന്റെ പിതാവ് പോത്തൻകോട് പൊലീസിലും കെ.എസ്.ആർ.ടി.സി എം.ഡിക്കും പരാതി നൽകി.