തിരുവനന്തപുരം : കഴിഞ്ഞ സീസണിൽ ഒൻപതാം സ്ഥാനത്തേക്ക് നിലം തെറ്റിവീണ ഐ.എസ്. എൽ ക്ളബ് കേരള ബ്ളാസ്റ്റേഴ്സ് പുതിയ സീസണിൽ പുതിയ കുതിപ്പിന് കച്ചകെട്ടുന്നു.
നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിനെ കഴിഞ്ഞ സീസണിൽ പ്ളേ ഒാഫിലെത്തിച്ച ഡച്ച് പരിശീലകൻ എൽകോ ഷാറ്റോരിയെ സ്വന്തമാക്കിയാണ് ബ്ളാസ്റ്റേഴ്സ് തകർച്ചയിൽ നിന്ന് കരകയറാൻ പദ്ധതികൾ ആവിഷ്കരിച്ചത്. തനിക്ക് ആവശ്യമുള്ള താരങ്ങളെ ഷാറ്റോരി ക്ളബിലേക്ക് കൂട്ടിക്കൊണ്ടുവരികകൂടി ചെയ്തതോടെ മികച്ച ഒരു നിരയെത്തന്നെ ഇക്കുറി ബ്ളാസ്റ്റേഴ്സിന് അണിനിരത്താൻ കഴിയുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ സീസണിലെ നോർത്ത് ഇൗസ്റ്റിന്റെ സൂപ്പർ സ്കോറർ ബാർത്തലോമിയോ ഒഗുബച്ചയെയാണ് ഷാറ്റോരി ആദ്യം ബ്ളാസ്റ്റേഴ്സിലെത്തിച്ചത്. കഴിഞ്ഞദിവസം നോർത്ത് ഇൗസ്റ്റിൽ നിന്ന് മലയാളി ഗോളി ടി.പി. രഹ്നേഷും ഷാറ്റോരിയുടെ അടുക്കലേക്ക് എത്തിയിരിക്കുകയാണ്. ജംഷഡ്പൂർ എഫ്.സിയിൽ നിന്ന് മരിയോ അർക്യൂസ്, സെർജിയോ സിഡോഞ്ച, ഡൽഹിയിൽനിന്ന് ജിയാന്നി സുയിർവലൂൺ, മൗസ്തഫ നിംഗ് എന്നിവർ ഇതിനകം മഞ്ഞപ്പടയിൽ എത്തിക്കഴിഞ്ഞു. രാഹുൽ കെ.പി, അർജുൻ ജയരാജ്, ബിലാൽ ഖാൻ തുടങ്ങിയ ഇന്ത്യൻ യുവതാരങ്ങളും ഷാറ്റോരിക്കൊപ്പമുണ്ട്.
മലയാളി ആരാധകരെ വലയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രഹ്നേഷിനെ വല കാക്കാൻ എത്തിച്ചിരിക്കുന്നത്. 2015 ലെ ഐ.എസ് എല്ലിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തിയ ഗോൾ കീപ്പറായിരുന്നു രഹ്നേഷ്. കോഴിക്കോട് സ്വദേശിയായ രഹ്നേഷ് ഇൗസ്റ്റ് ബംഗാൾ, മുംബയ് ടൈഗേഴ്സ്, ഷില്ലോംഗ് ലാംജാംഗ്, രംഗ്ദാജീദ് യുണൈറ്റഡ് , ഒ.എൻ.ജി.സി തുടങ്ങിയ ടീമുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. 2017 ൽ ഇന്ത്യൻ ടീമിലുമുണ്ടായിരുന്നു.
അടുത്ത മാസം പ്രീസിസൺ ടൂറിന് യു.എ.ഇയിലേക്ക് തിരിക്കാനിരിക്കുകയാണ്. ബ്ളാസ്റ്റേഴ്സ് ടീം. ഷാർജയിലായിരിക്കും പരിശീലനം നടത്തുകയെന്നറിയുന്നു. യു.എ.ഇയിലെ ക്ളബുകളുമായി സൗഹൃദ മത്സരങ്ങളും സംഘടിപ്പിക്കും.
ഒരു മലയാളിയെന്ന നിലയിൽ കേരള ബ്ളാസ്റ്റേഴ്സിന് വേണ്ടി കളിക്കാനുള്ള അവസരവും കാത്തിരിക്കുകയായിരുന്നു. ബ്ളാസ്റ്റേഴ്സിന് ആരാധകരിൽനിന്ന് ലഭിക്കുന്ന പിന്തുണ ഹൃദയംഗമമാണ്. കളിക്കാരനെന്ന നിലയിൽ അത് പ്രചോദനവും ഉത്തരവാദിത്വബോധവും നൽകുന്നു. വരുന്ന സീസണിൽ ബ്ളാസ്റ്റേഴ്സിനായി 100 ശതമാനവും അർപ്പിച്ച് കളിക്കും.
ടി.പി. രഹ്നേഷ്