തിരുവനന്തപുരം:രാജ്യത്തെ 44 തൊഴിൽനിയമങ്ങൾ നാല് കോഡുകളാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനം രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങളും ജീവിതസുരക്ഷയും ഇല്ലാതാക്കുമെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
തൊഴിലാളികളുടെ നിലനിൽപ്പ് അപകട ത്തിലാക്കുന്ന നടപടികളാണ് തൊഴിൽനിയമപരിഷ്കാരങ്ങൾ എന്ന പേരിൽ അടിച്ചേൽപ്പിക്കുന്നത്. ഇപ്പോൾ ലോക് സഭയിൽ അവതരിപ്പിച്ച വേതനചട്ട ബില്ലും തൊഴിലിട സുരക്ഷആരോഗ്യതൊഴിൽസാഹചര്യചട്ട ബില്ലും തൊഴിലാളികളും ട്രേഡ് യൂണിയനുകളും നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ പാടേ തള്ളിക്കളഞ്ഞിരിക്കുകയാണ്. രാജ്യത്ത് മിനിമം വേതനം 18,000 രൂപയായി നിശ്ചയിക്കണമെന്ന ആവശ്യം പൂർണമായി നിരാകരിച്ചു. മിനിമം വേതനം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ലേബർ കോൺഫറൻസ് ഏകകണ്ഠമായി അംഗീകരിച്ച മാനദണ്ഡങ്ങളും സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവും സർക്കാർ പരിഗണിച്ചതേയില്ല.
നവഉദാരവത്കരണത്തിന്റെ രൂക്ഷമായ പ്രത്യാഘാതം നേരിടുകയാണ് രാജ്യത്തെ തൊഴിലാളികൾ. തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളും നിലവിൽ ലഭിച്ചുവരുന്ന ആനുകൂല്യങ്ങളും ഉൾപ്പെടെ നഷ്ട പ്പെടുത്തുന്ന നടപടികളാണ് തുടർച്ചയായി കേന്ദ്രഭരണാധികാരികളിൽ നിന്നുണ്ടാകുന്നത്. തൊഴിൽനിയമങ്ങൾ നാല് കോഡുകളാക്കി മാറ്റുന്നതോടെ ഇപ്പോഴുള്ള നാമമാത്രമായ തൊഴിൽസുരക്ഷയും ഇല്ലാതാകും. തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ജീവിതം കൂടുതൽ അരക്ഷിതമാക്കുന്ന സാഹചര്യമാണ് രാജ്യത്ത് രൂപപ്പെടുന്നത്.
തൊഴിലാളിവിരുദ്ധനിലപാടിൽ സംസ്ഥാന സർക്കാരിനുള്ള ശക്തമായ വിയോജിപ്പ് പലപ്പോഴായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിയമപരിരക്ഷയും നഷ്ടപ്പെടാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കും. തൊഴിലാളികളുടെ സാമൂഹ്യസുരക്ഷാപദ്ധതികൾ ശക്തിപ്പെടുത്തി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് അവരുടെ പിന്തുണയോടെ കേരളത്തെ നിക്ഷേപസൗഹൃദസംസ്ഥാനമാക്കാനുള്ള പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മന്നോട്ടപോകുമെന്നും മന്ത്രി വ്യക്തമാക്കി.