sijo-chandran

വെഞ്ഞാറമൂട്: മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിൽ നിന്നു മുങ്ങിയ പ്രതിയെ വട്ടപ്പാറ പൊലീസ് തന്ത്രപരമായി കുടുക്കി. വട്ടപ്പാറ സ്വദേശി സിജോ ചന്ദ്രനെയാണ് (38) വട്ടപ്പാറ സർക്കിൾ ഇൻസ്പെക്ടർ ഷിജു .കെ.എൽ. നായരുടെയും സബ് ഇൻസ്പെക്ടർ ജെ.എസ്. അശ്വനിയുടെയും നേതൃത്വത്തിലുള്ള സംഘം വലയിലാക്കിയത്.

മഹാരാഷ്ട്ര നാഗ്പുർ ജില്ലയിലെ മുപ്പതോളം കവർച്ച കേസുകളിലും, കൂട്ടക്കവർച്ച, തട്ടിക്കൊണ്ടു പോകൽ, ബ്ലാക്ക് മെയിലിംഗ് കേസുകളിലും പ്രതിയാണ് സിജോ ചന്ദ്രൻ. മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിൽ ഇരിക്കവെ കഴിഞ്ഞ 20ന് ഇയാൾ അസുഖം അഭിനയിച്ച് നാഗ്പൂർ അജ്മൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടുകയും അവിടെ നിന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങുകയുമായിരുന്നു. ഇയാൾ നാട്ടിൽ എത്തിയിട്ടുണ്ടെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വട്ടപ്പാറ പൊലീസ് ഇയാളെ തന്ത്രപരമായി കുടുക്കുകയായിരുന്നു. വട്ടപ്പാറ സർക്കിൾ ഇൻസ്പെക്ടർ ഷിജു കെ.എൽ. നായർ, സബ് ഇൻസ്പെക്ടർ ജെ.എസ്. അശ്വനി, എ.എസ്.ഐമാരായ സാദത്ത്, ബാബു, എസ്.സി.പി.ഒ വിജയൻ, സി.പി.ഒമാരായ മുഹമ്മദ് ഷംനാദ്, അജിത്, സുധീർ, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് മഹാരാഷ്ട്രയിൽ നിന്നെത്തിയ പൊലീസ് സംഘത്തിന് കൈമാറി.