പാലോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ വാമനപുരം മണ്ഡലത്തിൽ പൂർത്തീകരിച്ച ചിപ്പൻചിറ, ചെല്ലഞ്ചി പാലങ്ങൾ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരളപ്പിറവിക്ക് ശേഷം വാമനപുരം മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിൽ നിന്നു മാത്രം കഴിഞ്ഞ രണ്ടര വർഷമായി 400 കോടിയുടെ വികസനമാണ് നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ 600 കോടിയുടെ വികസനം കൂടി നടപ്പിലാക്കുമെന്നും ചെല്ലഞ്ചി പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന് സർക്കാർ സഹായം ലഭ്യമാക്കണമെങ്കിൽ സ്ഥലം നൽകാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ കർഷകർക്കും ടൂറിസത്തിനും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ചെല്ലഞ്ചി - ചിപ്പൻചിറ പാലങ്ങൾ. വി.എസ്. അച്യുതാന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം മുൻകൈയെടുത്ത് സ്ഥാപിച്ച പാലങ്ങളുടെ നിർമ്മാണത്തിൽ തടസങ്ങൾ നേരിട്ടെങ്കിലും ഡി.കെ. മുരളി എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് നിർമ്മാണം പൂർത്തിയാക്കിയത്. മലയോരനിവാസികളുടെ ഒരു നൂറ്റാണ്ടത്തെ സ്വപ്നമാണ് ഇതോടെ പൂർത്തിയാകുന്നത്.
ജില്ലാ കൃഷിത്തോട്ടത്തിന്റെ നിയന്ത്രണത്തിലുള്ള 15 ഹെക്ടർ സ്ഥലത്ത് സ്ഥാപിക്കാനിരുന്ന മാലിന്യപ്ലാന്റ് അവിടെ സ്ഥാപിക്കില്ലെന്നും അനുയോജ്യമായ മറ്റൊരുസ്ഥലം കണ്ടെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം 2 ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നും മന്ത്രി ജി. സുധാകരൻ കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മുൻ എം.എൽ.എമാരായ പിരപ്പൻകോട് മുരളി, ജെ. അരുന്ധതി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.