ന്യൂഡൽഹി : സൈനിക സേവനത്തിനായി വിൻഡീസ് പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി രണ്ടാഴ്ച ജമ്മു കാശ്മീരിൽ ടെറിട്ടോറിയൽ ആർമിയിൽ അതിർത്തി സംരക്ഷണത്തിനിറങ്ങും.
ഇൗ മാസം 31 മുതൽ ആഗസ്റ്റ് 15 വരെ 106-ാം ടെറിട്ടോറിയൽ ആർമി പാരാ ഫോഴ്സ് ബറ്റാലിയനിലാണ് ധോണി സേവനമനുഷ്ഠിക്കുക. ഇപ്പോൾ വിക്ടർ ഫോഴ്സിനൊപ്പം കാശ്മീരിലാണ് ഇൗ യൂണിറ്റ്. ഒാണററി ലെഫ്റ്റന്റ് കേണലായ ധോണി പട്രോളിംഗിലും ഗാർഡ് ഡ്യൂട്ടിയിലും അതിർത്തിയിലെ പോസ്റ്റ് ഡ്യൂട്ടിയിലും ഉണ്ടാകുമെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്. സേനാ ബാരക്കിലാകും താമസം. സൈനിക സേവനത്തിനുള്ള ധോണിയുടെ അപേക്ഷ കഴിഞ്ഞയാഴ്ച കരസേനാ മേധാവി അംഗീകരിച്ചിരുന്നു. നേരത്തെയും ടെറിട്ടോറിയൽ ആർമിക്കൊപ്പം ധോണി സൈനിക സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പാരാഫോഴ്സിനൊപ്പം പ്രവർത്തിക്കണമെന്നത് ധോണിയുടെ ആഗ്രഹമായിരുന്നു. ലോകകപ്പിൽ പാരാഫോഴ്സിന്റെ ചിഹ്നം ധോണി വിക്കറ്റ് കീപ്പിംഗ് ഗ്ളൗസിൽ പ്രദർശിപ്പിച്ചത് വിവാദമായിരുന്നു. 38 കാരനായ ധോണിക്ക് 2011 ലാണ് ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത്
ലോകകപ്പിന് ശേഷം ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ വിരമിക്കലിനെക്കുറിച്ച് ഒന്നും വെളിപ്പെടുത്താതിരുന്ന ധോണി സൈനിക പരിശീലനം നടത്താൻ ആഗ്രഹിക്കുന്നതിനാൽ വിൻഡീസ് പര്യടനത്തിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് ധോണി സെലക്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അഭ്യൂഹങ്ങൾക്ക് താത്കാലിക വിരമമായി. ഋഷഭ് പന്താണ് വിൻഡീസ് പര്യടനത്തിൽ ഏകദിന, ട്വന്റി 20 ടീമുകളുടെ വിക്കറ്റ് കീപ്പർ. ധോണി ഉടനടി വിരമിക്കില്ലെന്നും ഋഷഭ് വിക്കറ്റ് കീപ്പിംഗിൽ പരിചയസമ്പന്നനാകുംവരെ ടീമിൽ ഒപ്പമുണ്ടാകുമെന്നും സൂചനയുണ്ട്. അടുത്ത വർഷം ലോകകപ്പ് ട്വന്റി 20 വരെ ധോണി ടീമിൽ തുടരാനാണ് സാദ്ധ്യതകൾ.