ഷാങ്ഹായ് : ചൈനയിൽ നടക്കുന്ന ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് പ്രീ സീസൺ ഫ്രണ്ട്ലി ക്ളബ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ടോട്ടൻ ഹാമിനെ 2-1ന് കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ആദ്യപകുതിയിൽ അന്തോണി മാർഷലിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടിയിരുന്നു. രണ്ടാംപകുതിയിൽ പകരക്കാരനായിറങ്ങിയ ലൂക്കാസ് മൗറ ടോട്ടൻഹാമിനെ സമനിലയിലെത്തിച്ചു കളി തീരാൻ പത്തുമിനിട്ടുള്ളപ്പോഴാണ് കൗമാരതാരം ഏഞ്ചൽ ഗോമസിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം കണ്ടത്. തുടർച്ചയായ നാലാം പ്രീസീസൺ ഫ്രണ്ട്ലി മത്സരത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കുന്നത്.
സൗഹൃദ മത്സരമായിരുന്നുവെങ്കിലും ഇരുടീമിലെയും താരങ്ങൾ സൗഹൃദം മറന്ന് പലപ്പോഴും പരുക്കൻ കളി പുറത്തെടുത്തത് മത്സരത്തിന്റെ രസം കെടുത്തിയിരുന്നു.