തിരുവനന്തപുരം: വിഖ്യാത സംവിധായകനായ അടൂർ ഗോപാലകൃഷ്ണനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി, പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ വീട്ടിലെത്തി. ആൾക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിലാണ് ബി.ജെ.പി ഇപ്പോൾ അടൂർ ഗോപാലകൃഷ്ണനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. ജയ് ശ്രീറാം വിളികളോടെ ആൾക്കൂട്ട ആക്രമണം നടത്തുന്നവർ യഥാർത്ഥത്തിൽ ശ്രീരാമനെ അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ആരെയും രാജ്യവിരോധിയായി മുദ്രകുത്തുന്ന രീതിയാണ് ബി.ജെ.പി യുടേത്. അതിന്റെ ഭാഗമായാണ് അടൂർ ഗോപാലകൃഷ്ണനെ പോലും വേട്ടയാടുന്നത്. ബുദ്ധിജീവികളെയും എഴുത്തുകാരെയും തെരഞ്ഞുപിടിച്ച് അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സംഘപരിവാർ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തണമെന്നു ചെന്നിത്തല പറഞ്ഞു. പാലോട് രവി, ശബരീനാഥൻ എം.എൽ.എ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. അബ്ദുൽ റഷീദ്, ഡി.സി.സി സെക്രട്ടറി അഡ്വ. പ്രാണകുമാർ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.