ലോഡ്സ് : ആദ്യ ഇന്നിംഗ്സിൽ ലോകകപ്പ് ജേതാക്കളായ ഇംഗ്ളണ്ടിനെ 85 റൺസിന് ആൾ ഒൗട്ടാക്കിയ അയർലൻഡ് രണ്ടാം ഇന്നിംഗ്സിലും ബൗളിംഗ് വീര്യം മറന്നില്ല.
അയർലൻഡിനെതിരായ ഏക ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിലെ 122 റൺസ് ലീഡ് മറികടന്നുവെങ്കിലും രണ്ടാം ദിവസമായ ഇന്നലെ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ളണ്ട് 239/7 എന്ന നിലയിലാണ്. ഇപ്പോൾ 117 റൺസിന്റെ ലീഡാണ് ഇംഗ്ളണ്ടിനുള്ളത്
ആദ്യദിവസം ഇംഗ്ളണ്ടിനെ ആൾ ഒൗട്ടാക്കിയശേഷം അയർലൻഡ് 207 ൽ ആൾ ഒൗട്ടായിരുന്നു. ഇന്നലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ളണ്ട് 171/1 എന്ന നിലയിൽ ശക്തി കാട്ടിയശേഷമാണ് തകരാൻ തുടങ്ങിയിരിക്കുന്നത്. ഇന്നലെ രാവിലെ ഒാപ്പണർ റോയ് ബേൺസ് (6) പുറത്തായ ശേഷം ജാക്ക് ലീച്ചും (92), ടെസ്റ്റിലെ അരങ്ങേറ്റക്കാരൻ ജാസൺ റോയ്യും (72) ചേർന്ന് രണ്ടാം വിക്കറ്റിൽ നേടിയ 145 റൺസ് ഇംഗ്ളണ്ടിന് ശക്തമായ അടിത്തറ നൽകിയിരുന്നു എന്നാൽ തുടർന്ന് 35 റൺസെടുക്കുന്നതിനിടെ അവർക്ക് നാലുവിക്കറ്റുകൾ നഷ്ടമായി.
ടീം സ്കോർ 171 ൽ വച്ച് ജാസൺ റോയ് തോംപ്സണിന്റെ പന്തിൽ ക്ളീൻ ബൗൾഡായി. തുടർന്ന് ലീച്ചിനെ ആദ്യ ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റ് നേട്ടക്കാരൻ മുർത്താ പുറത്താക്കി. ഡെൻലി (10) റൺ ഒൗട്ടാവുകയും ബെയർ സ്റ്റോയെ (0) അദയർ എൽ.ബിയിൽ കുരുക്കുകയും ചെയ്തതോടെയാണ് അയർലൻഡ് വീണ്ടും പിടിമുറുക്കിയത്. ചായയ്ക്ക് ശേഷം നായകൻ ജോറൂട്ടിനേയും (32), മൊയീൻ അലിയേയും (9) നഷ്ടമായി.റൂട്ടിനെ അദയറാണ് മടക്കി അയച്ചത്. മൊയീൻ റാൻകിന് വിക്കറ്റ് സമ്മാനിച്ചാണ് തിരിച്ചുനടന്നത്.
രണ്ടാം ഇന്നിംഗ്സിലും വലിയാെരു തകർച്ചയെ മുന്നിൽക്കണ്ട ഇംഗ്ളണ്ടിനെ ലീച്ചും ജാസൺ റോയ്യും ചേർന്ന് കരകയറ്റുകയായിരുന്നു 162 പന്തുകൾ നേരിട്ട ലീച്ച് 16 ബൗണ്ടറികൾ പായിച്ചു 78 പന്തുകൾ നേരിട്ട ജാസൺ റോയ് 10 ബൗണ്ടറികളും ഒരു സിക്സും പറത്തി.