തിരുവനന്തപുരം: 'ഞങ്ങൾ പ്രതിഷേധിക്കാൻ പോയപ്പോഴല്ലേ പൊലീസിന്റെ അടി വാങ്ങിയത്, അല്ലാതെ എം.എൽ.എയെയും പാർട്ടി ജില്ലാ സെക്രട്ടറിയെയും പ്രവർത്തകരെയും വീട് കയറി ആക്രമിച്ചതല്ലല്ലോ'-
എറണാകുളത്തെ പൊലീസ് ലാത്തിച്ചാർജ് വിവാദത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ സന്ധ്യയ്ക്ക് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ..
സമരമുഖത്ത് നിൽക്കുമ്പോൾ പ്രതിഷേധിക്കാൻ പോകും. പൊലീസിന്റെ ഭാഗത്ത് അതിക്രമങ്ങളുണ്ടായിട്ടുണ്ടെങ്കിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടിയുണ്ടാകും. പാർട്ടി പ്രവർത്തകർക്കെതിരെ അക്രമമുണ്ടായതിൽ സി.പി.ഐ ചെയ്യേണ്ടത് കൃത്യമായി ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറോട് റിപ്പോർട്ട് തേടിയത്.
കടുത്ത നടപടി പ്രതീക്ഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ഞങ്ങളിപ്പോൾ ഒരു നടപടിയും പ്രതീക്ഷിച്ചിട്ടില്ല. എന്ത് നടപടി സ്വീകരിക്കുന്നുവെന്ന് കണ്ടിട്ട് അതേക്കുറിച്ച് ചോദിച്ചാൽ പ്രതികരിക്കാം എന്നായിരുന്നു മറുപടി. ജില്ലാ മജിസ്ട്രേട്ടിന്റെ റിപ്പോർട്ട് വരട്ടെ. എന്നിട്ട് പറയാം. കെ.ഇ. ഇസ്മായിൽ കടുത്ത രീതിയിൽ പ്രതികരിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ, എനിക്കിങ്ങനെയേ പ്രതികരിക്കാനാവൂ എന്ന് മറുപടി. പാർട്ടി ജില്ലാ സെക്രട്ടറിയെയും എം.എൽ.എയെയും തിരിച്ചറിഞ്ഞില്ലേ എന്ന് പൊലീസിനോട് തന്നെ ചോദിക്കണം. ഭരണകക്ഷിക്കാർ സമരം ചെയ്യുന്നത് സൂക്ഷിച്ചുവേണമെന്ന് മന്ത്രിസഭായോഗത്തിൽ മന്ത്രി ബാലൻ പറഞ്ഞതായി വാർത്തയുണ്ടല്ലോ എന്ന ചോദ്യത്തിന്, അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ബാലൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി.
രാഷ്ട്രീയകക്ഷികളുടെ ജോലി അനീതിക്കെതിരെ സമരം ചെയ്യുകയാണ്. പൊലീസിന്റെയോ, സർക്കാരുദ്യോഗസ്ഥരുടെയോ ഭാഗത്ത് അനീതി കണ്ടാൽ സമരം ചെയ്യും. അത് പാടില്ലെന്നൊന്നും ആരും തീരുമാനിച്ചിട്ടില്ല. പ്രതിപക്ഷത്തിന് മാത്രമല്ല, എല്ലാവർക്കും പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. തിരുത്താനും ഭരണകക്ഷി തയ്യാറാകും. പൊലീസ് ചെയ്യുന്ന എല്ലാ കാര്യങ്ങളെയും സർക്കാർ പിന്തുണയ്ക്കാറില്ല. അങ്ങനെയെങ്കിൽ ഉരുട്ടിക്കൊല നടന്ന സ്ഥലത്തെന്തിനാണ് കേസെടുത്തത്. കേരളത്തിൽ ഒരു ജുഡിഷ്യൽ അന്വേഷണത്തിന് വേണ്ടി എത്ര ലക്ഷം ആളുകൾ വഴിയിലിറങ്ങേണ്ടി വന്നു, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്. ഇപ്പോൾ അതൊന്നും വേണ്ടി വന്നില്ലല്ലോ. നിങ്ങൾ അതൊന്നും കാണില്ല. എൽ.ഡി.എഫിനെതിരെ എന്തെല്ലാം ഉണ്ടാക്കാൻ കഴിയുമോ, അതെല്ലാം ശ്രമിക്കും. മാദ്ധ്യമങ്ങളുടെ ട്യൂണിനനുസരിച്ച് തുള്ളുന്ന പാർട്ടിയല്ല സി.പി.ഐ. സർക്കാരിന്റെ ഭാഗമാണ്. അത് ബാലൻസ് ചെയ്തേ പ്രവർത്തിക്കാനാവൂ - കാനം വ്യക്തമാക്കി.