murder

തിരുവനന്തപുരം : അമ്പൂരിയിൽ കാമുകൻ കൊന്നു കുഴിച്ചുമൂടിയ രാഖിമോൾക്ക് (30) ബന്ധുക്കളുടെയും നാടിന്റെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി ഇന്നലെ വൈകിട്ട് 3 മണിയോടെ തിരുപുറം പുത്തൻകടയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ വൻജനാവലി വികാരനിർഭരമായ യാത്രഅയപ്പാണ് രാഖിമോൾക്ക് നൽകിയത്. തുടർന്ന് തിരുപുറം സി.എസ്.ഐ സഭയിലെ വൈദികരുടെ കാർമ്മികത്വത്തിൽ അന്ത്യകർമ്മങ്ങൾ നടത്തി. വൈകിട്ട് 3.30തോടെ പുത്തൻകട ജംഗ്ഷനിലെ 20സെന്റ് സ്ഥലത്താണ് മൃതദേഹം അടക്കിയത്. മകൾക്കായി അച്ഛൻ രാജൻ ഒരുവർഷം മുമ്പ് വാങ്ങിയതാണ് ഈ ഭൂമി. വിവാഹ ശേഷം മകൾക്ക് നൽകാൻ കരുതിവച്ച ഭൂമിയിൽ അവളെ സംസ്കരിക്കേണ്ടി വന്നപ്പോൾ അച്ഛൻ രാജൻ വിതുമ്പി ജീവിതസൗകര്യങ്ങൾ അത്യാവശ്യമുള്ള ഒരു കുടുംബത്തിൽ ജനിച്ചുവെങ്കിലും സമ്പാദ്യമെല്ലാം ചോർന്ന് പോയ സാഹചര്യത്തിലാണ് രാജൻ വിവാഹിതനാകുന്നത്. അമ്പൂരിയിലെ തേക്കുപാറയിൽ നിന്നും ഡെയ്സിയെ വിവാഹം കഴിച്ചപ്പോൾ കിട്ടിയ 13 സെന്റ് ഭൂമിയും അതിലെ ചെറിയൊരു വീടും മാത്രമായിരുന്നു ആസ്ഥി. മൂത്ത മകൾ ഷൈനിക്ക് 7വയസുള്ളപ്പോൾ അമ്മ ഡെയ്സി കാൻസർ ബാധിച്ച് മരിച്ചു. അന്ന് ഇളയ മകന് 105 ദിവസം മാത്രം പ്രായം. അപ്പോഴേയ്ക്കും ചികിത്സാ ചെലവിനായി ഭൂമിയും വീടും വിറ്റിരുന്നു. തലചായ്ക്കാൻ ഇടമില്ലാതെ മൂന്ന് മക്കളെയും കൊണ്ട് തിരുപുറത്തേക്ക് എത്തിയ രാജൻ വാടക വീട്ടിൽ താമസം തുടങ്ങി. നാട്ടുകാരുടെയും കുടുംബക്കാരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് കുട്ടികളെ വളർത്തുന്നതിനായി രണ്ടാമത് സിൽവിയെ വിവാഹം കഴിച്ചത്. പിന്നെ ഇരുവരും ചേർന്ന് ചായക്കട തുടങ്ങി. ഇതിനിടെ സ്വന്തമായി വീട് നിർമ്മിച്ചു. മരണപ്പെട്ട രാഖി മോളുടെ വിവാഹ ആവശ്യത്തിനായി സ്വരൂപിച്ച 30 ലക്ഷം രൂപയ്ക്കാണ് 20 സെന്റ് ഭൂമി വാങ്ങിയത്. അവൾക്കു വേണ്ടി വാങ്ങിയ ഭൂമിയിൽ വീട് നിർമ്മിച്ചു നൽകണമെന്നും ആഗ്രഹിച്ചിരുന്ന രജന് താങ്ങാവുന്നതിലും അപ്പറുമാണ് മകളുടെ വിയോഗം.