തിരുവനന്തപുരം: ഞാറയ്ക്കൽ സി.ഐക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളം റേഞ്ച് ഐ.ജിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുന്ന വിവരം പാർട്ടി എറണാകുളം ജില്ലാ നേതൃത്വം സംസ്ഥാനനേതൃത്വത്തെ ധരിപ്പിച്ചില്ലെന്ന് സി.പി.ഐയിൽ വിമർശനം. സംസ്ഥാന സെക്രട്ടറിയുടെയും മറ്റും 'തണുപ്പൻ' പ്രതികരണത്തിന് പിന്നിൽ ഇതിലുള്ള അമർഷവും നിഴലിക്കുന്നുണ്ടെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന കാനം- ഇസ്മായിൽ ചേരിപ്പോരും ഇപ്പോഴത്തെ വിവാദങ്ങളിൽ ശക്തമായി നിഴലിക്കുന്നു.

സി.ഐ ഓഫീസിലേക്ക് മാർച്ച് നടത്തുന്നുവെന്ന വിവരം മാത്രമാണ് നേതൃത്വത്തിന് ജില്ലാ ഘടകം കൈമാറിയിരുന്നത്. എന്നാൽ റേഞ്ച് ഐ.ജിയുടെ ഓഫീസിലേക്ക് മാർച്ച് ജില്ലാ സെക്രട്ടറി നേരിട്ട് നടത്തിയ നീക്കത്തിന്റെ ഫലമായിട്ടായിരുന്നു. ഇത് അക്രമാസക്തമാവുകയും കൈവിട്ട് പോവുകയും ചെയ്തു. എം.എൽ.എയ്ക്കടക്കം പൊലീസിന്റെ മർദ്ദനമേറ്റത് ക്ഷീണവുമായി. ലാത്തിച്ചാർജിൽ എം.എൽ.എയ്ക്കും ജില്ലാ നേതാക്കൾക്കും മർദ്ദനമേറ്റത് വാർത്തയായതോടെയാണ് സംസ്ഥാന നേതൃത്വം സംഭവത്തെക്കുറിച്ച് അറിയുന്നത് തന്നെ. സംസ്ഥാന സെന്ററിനെയാകെ ഇരുട്ടിൽ നിറുത്തി ഇങ്ങനെയൊരു ക്ഷീണം പാർട്ടിക്ക് വരുത്തി വയ്ക്കേണ്ടതുണ്ടായിരുന്നോയെന്ന ചോദ്യമാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്. ശക്തമായി പ്രതിരോധത്തിന് ശ്രമിക്കാതെ ആദ്യമേ സംസ്ഥാനസെക്രട്ടറി തണുപ്പൻമട്ടിൽ നിലകൊണ്ടത് ഇതിലുള്ള അമർഷം കൊണ്ടാണെന്നാണ് സൂചന.

പാർട്ടിക്കുള്ളിൽ ഇപ്പോഴും കെ.ഇ. ഇസ്മായിൽ പക്ഷത്ത് ശക്തമായി ഉറച്ചുനിൽക്കുന്ന ജില്ലാനേതൃത്വമാണ് എറണാകുളത്തേത്. ജില്ലാ സെക്രട്ടറി പി. രാജുവാണ് ഇതിന് നേതൃത്വം. നേരത്തേ ഇസ്മായിൽ ചേരിയിലായിരുന്ന പല ജില്ലാ ഘടകങ്ങളും കാനം അനുകൂല ചായ്‌വിലേക്ക് മാറിയപ്പോഴും എറണാകുളം മാറിയില്ല. ഔദ്യോഗികനേതൃത്വത്തോട് സമരസപ്പെടാതെയാണ് പല കാര്യങ്ങളും അവർ ചെയ്യുന്നതെന്ന വികാരവും പാർട്ടിയിൽ ശക്തം. ലാത്തിച്ചാർജ് വിഷയത്തിൽ കെ.ഇ. ഇസ്മായിലിന്റെ കടുത്ത പ്രതികരണവും ശ്രദ്ധേയമാണ്.

എറണാകുളത്തുൾപ്പെടെ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുകയും തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പിന്നാലെ വരാനിരിക്കുകയും ചെയ്യുമ്പോൾ ഇടത് ഐക്യത്തിൽ വിള്ളലുണ്ടാക്കുന്ന നിലപാടുകൾ നിരന്തരം എറണാകുളം ജില്ലയിൽ ആവർത്തിക്കപ്പെടുന്നത് ആശാസ്യമാണോയെന്ന ചോദ്യവും പാർട്ടിയിലുയരുന്നു.