do

ലണ്ടൻ: മോട്ടോർ ന്യൂറോൺ ഡിസീസ് എന്നറിയപ്പെടുന്ന, നാഡീ തകരാറ് മൂലം ഉണ്ടാകുന്ന പേശീ ബലക്ഷയം, മറവിരോഗം എന്നീ മാരക രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ മലയാളി ന്യൂറോളജിസ്റ്റ് ഡോ. ജെമീൻ ശ്രീധരൻ ലണ്ടനിൽ നിന്ന് സ്വിറ്റ്സ‌ർലൻഡിലെ ജനീവയിലേക്ക് സൈക്കിൾ യാത്ര നടത്തുന്നു. വർക്കല സ്വദേശിയായ ജെമീൻ ശ്രീധരൻ ലണ്ടൻ കിംഗ്സ് കോളേജ് ഹോസ്‌പിറ്റലിൽ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റും നാഡീശാസ്‌ത്ര ഗവേഷകനുമാണ്. നിലവിൽ ചികിത്സ ഇല്ലാത്ത മോട്ടോർ ന്യൂറോൺ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്താനുള്ള ഗവേഷണത്തിലാണ്. കിംഗ്സ് കോളേജിലെയും ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെയും മൂന്ന് ഗവേഷകർക്കൊപ്പമാണ് യാത്ര.

ജൂലായ് 24 ന് ലണ്ടനിൽ നിന്ന് തുടങ്ങിയ യാത്ര ആഗസ്റ്റ്‌ ഒന്നിന് ജനീവയിൽ സമാപിക്കും. ലണ്ടനിൽ നിന്ന് ഫ്രാൻസിൽ എത്തി, പാരീസും ആൽപ്‌സ് പർവത നിരകളും കടന്ന് എട്ട് ദിവസം കൊണ്ട് 1,067 കിലോമീറ്ററാണ് യാത്രയിൽ പിന്നിടുക.

വർക്കല അയിരൂർ സംഗമത്തിൽ പരേതനായ ശ്രീധരന്റെയും ബേബി ശ്രീധരന്റെയും മകനാണ് ജെമീൻ ശ്രീധരൻ (42).

ലണ്ടനിലാണ് ജനിച്ചു വളർന്നത്.

ഡോ. ജെമീൻ ശ്രീധരൻ

ലണ്ടൻ കിംഗ്സ് കോളേജിൽ നിന്ന് മെ‌‌ഡിസിനിൽ ബിരുദവും ന്യൂറോളജിയിൽ സ്പെഷ്യലൈസേഷനും നേടി. ന്യൂറോൺ ഡിസീസിന്റെ ജനിതക സവിശേഷതയെപ്പറ്റി അവിടെ തന്നെ പിഎച്ച്.ഡിയും ചെയ്തു. കിംഗ്സ് കോളേജിലെ മൊറീസ് വോഹ്ൾ ക്ലിനിക്കൽ ന്യൂറോ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ന്യൂറോ സയന്റിസ്റ്റാണിപ്പോൾ. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് യൂണിവേഴ്സിറ്റിയിൽ എം.എൻ.ഡി, മറവിരോഗം എന്നിവയിൽ ഉപരിപഠനം. കേംബ്രി‌ഡ്‌ജിലെ ബാബ്രഹാം ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്തി. രണ്ട് വർഷം മുൻപ് കിംഗ്സ് കോളേജിൽ സ്വന്തമായി ലാബ് സ്ഥാപിച്ചു. അവിടെ മനുഷ്യരുടെയും മൃഗങ്ങളുടെയും മൂല കോശ (stem cell) മോഡൽ ഉപയോഗിച്ച് രോഗ ഗവേഷണം നടത്തുകയാണ്.