rakhi-murder

തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെകൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയകേസിൽ കാമുകനും മുഖ്യപ്രതിയുമായ അമ്പൂരി തട്ടാരുമുക്ക് സ്വദേശി അഖിലേഷ് നായരുടെ കള്ളങ്ങൾ പൊളിച്ചടുക്കി പൊലീസ്. രാഖിയുടെ കാെലപാതകവുമായി തനിക്ക് ബന്ധമില്ലെന്നും ആദർശിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് അറിയില്ലെന്നും വീട്ടുകാരോട് വെളിപ്പെടുത്തി നല്ലപിള്ള ചമഞ്ഞ അഖിലേഷിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതോടെ ഇയാളെ പിടികൂടാൻ പൊഴിയൂർ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിൻമാർഗം ഡൽഹിക്ക് തിരിച്ചു. സംഭവ ദിവസം രാഖിയെ ഫോണിൽ വിളിക്കുകയും നെയ്യാറ്റിൻകരയിൽ നിന്ന് കാറിൽ കയറ്റി അമ്പൂരിയിലെ വീടിന്റെ സമീപമെത്തിച്ചതുവരെയും ഇവർ ഒപ്പമുണ്ടായിരുന്നുവെന്നതിന് ഇരുവരുടെയും മൊബൈൽ ടവർ ലൊക്കേഷനുകളുൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചുകഴിഞ്ഞു.

യാത്രാ മദ്ധ്യേ തന്റെ വിവാഹം മുടക്കാനുള്ള ശ്രമത്തിൽ നിന്ന് പിൻമാറണമെന്നും രാഖിയെ തനിക്ക് വിവാഹം കഴിക്കാൻ കഴിയില്ലെന്നും അഖിലേഷ് പറഞ്ഞു. എന്നാൽ ഇത് അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന രാഖിയെ സന്ധ്യയോടെ സുഹൃത്തിന്റേതെന്ന് പറയപ്പെടുന്ന ഐ ടെൻ കാറിൽ വീടിന് സമീപമെത്തിച്ചു. കാർ നിർത്തിയശേഷം ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുകയായിരുന്ന അഖിലേഷ് രാഖിമോളുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു. ഈ സമയം പിൻസീറ്റിൽ ഇരിക്കുകയായിരുന്ന സഹോദരൻ രാഹുൽ കയർ കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിൽ കുരുക്ക് മുറുകിയപ്പോൾ നിലവിളിക്കാനും ബഹളം വയ്ക്കാനും ശ്രമിച്ചെങ്കിലും കാർ സ്റ്റാർട്ട് ചെയ്ത് അഖിലേഷ് ആക്സിലേറ്റർ ഇരപ്പിച്ചതിനാൽ നിലവിളിയും ബഹളവുമൊന്നും പുറം ലോകം അറിഞ്ഞില്ല. അതിനുശേഷം കാറുമായി വീട്ടിലേക്ക് കടന്ന സംഘം കാറിനുള്ളിൽ വച്ച് രാഖിയെ വീട്ടിനുള്ളിൽ കൊണ്ടുപോയി വിവസ്ത്രയാക്കി. അവരുടെ ഫോണും കൈക്കലാക്കി. നഗ്നയായ നിലയിൽ മൃതദേഹം കുഴിയിൽ മറവ് ചെയ്ത സംഘം രാത്രിതന്നെ അവിടെ നിന്ന് പോയി. ഏതാനും ദിവസത്തിനുശേഷം അവധികഴിഞ്ഞ് ഡൽഹിയിലേക്ക് അഖിലേഷ് തിരികെ മടങ്ങി.

നാടകം പൊളിഞ്ഞു

രാഖിയെ കാണാതായാൽ പൊലീസ് തന്നെ അന്വേഷിക്കാൻ സാദ്ധ്യതയുണ്ടെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞ അഖിലേഷും സഹോദരനും വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനുള്ള മാർ‌ഗങ്ങളും ആസൂത്രണം ചെയ്തു. രാഖിയുടെ ഫോണിൽ നിന്ന് വീട്ടുകാർക്കും അഖിലേഷിനും സന്ദേശങ്ങൾ അയക്കാനും ഫോൺ വിളിക്കാനുമായിരുന്നു തീരുമാനം. എന്നാൽ രാഖിയുടെ ഫോണിന്റെ കീപാ‌ഡ് ലോക്കായതിനാൽ അതിൽ നിന്ന് വിളിക്കാനോ സന്ദേശങ്ങൾ അയക്കാനോ കഴിഞ്ഞില്ല. രാഹുലും ആദർശും ചേർന്ന് പുതിയ ഫോൺ വാങ്ങിയശേഷം രാഖിയുടെ സിം ഇളക്കി അതിൽ ഇട്ടശേഷം അഖിലേഷിന് അതിൽ നിന്ന് ചില സന്ദേശങ്ങൾ അയച്ചു. തുടർന്ന് തിരുവനന്തപുരം നഗരത്തിലെത്തി ശാസ്തമംഗലത്ത് നിന്ന് രാഖിയുടെ ചേച്ചിയെ വിളിച്ചു. ഏതാനും സെക്കന്റുകൾ അവ്യക്തമായി എന്തൊക്കെയോ സംസാരിച്ചശേഷം ഫോൺ കട്ടാക്കി. ഇതിനിടെ രാഖികമ്പനിയിൽ എത്തിയിട്ടില്ലെന്ന് മനസിലാക്കിയ അച്ഛൻ രാജൻ പൂവാർ പൊലീസിൽ നൽകിയ പരാതിയിൽ ഫോൺ കോൾ വിശദാംശങ്ങൾ ശേഖരിച്ച പൊലീസ് അവസാനമായി രാഖിയെ വിളിച്ച ആദ‌ർശിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി.

രാഖിയെപ്പറ്റിയുള്ള പൊലീസിന്റെ അന്വേഷണങ്ങൾ മുറുകിയെന്ന് വീട്ടുകാരിൽ നിന്ന് മനസിലാക്കിയ അഖിലേഷ് വീട്ടുകാരെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മിലിട്ടറി ഓഫീസ് മുഖാന്തിരം പരാതി അയച്ചു. പരാതിയിൽ അഖിലേഷിന്റെ സഹോദരൻ രാഹുലിനെ പൊലീസ് മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനിലെത്തിയപ്പോഴും രാഹുലിനോട് രാഖിയെപ്പറ്റി തിരിച്ചും മറിച്ചും പലതും ചോദിച്ച പൊലീസ് അപായപ്പെടുത്തിയോ എന്നും അന്വേഷിച്ചു. ഇതോടെ പന്തികേട് മണത്ത രാഹുൽ നാട്ടിൽ നിന്ന് മുങ്ങി. ഇത് പൊലീസിന്റെ സംശയങ്ങളും ഇരട്ടിപ്പിച്ചു. തുട‌ർന്ന് ആദ‌ർശിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം മറവ് ചെയ്ത സ്ഥലമുൾപ്പെടെ കാര്യങ്ങൾ വ്യക്തമായത്. രാഖിയുടെ തിരോധാനത്തിൽ പൊലീസ് തന്നെയും കുടുംബത്തെയും സംശയിക്കുന്നതായി തിരിച്ചറിഞ്ഞതോടെ ഇരിക്കപ്പൊറുതിയില്ലാതായ അഖിലേഷ് വിമാന മാർഗം ഇടയ്ക്ക് നാട്ടിലെത്തി മടങ്ങിയതായും പൊലീസിന് സൂചനയുണ്ട്. കൊലപാതകത്തിനുശേഷം തമിഴ്നാട് തൃപ്പരപ്പിൽ ഉപേക്ഷിച്ച കാർ ഇന്ന് നാട്ടിലെത്തിച്ച് തെളിവെടുക്കും. കേസിൽ പൊലീസ് പിടികൂടിയ ആദർ‌ശിനെ ഇന്നലെ റിമാൻഡ് ചെയ്തു. രാഹുലിന് വേണ്ടിയുള്ള അന്വേഷണവും ഊ‌ർജിതപ്പെടുത്തിയിട്ടുണ്ട്. സംഭവസമയത്ത് രാഖി ധരിച്ചിരുന്ന വസ്ത്രങ്ങൾ, കൊലയ്ക്ക് ഉപയോഗിച്ച പറയുന്ന കയർ, കുഴിവെട്ടാനുപയോഗിച്ച മൺവെട്ടി എന്നിവയും കണ്ടെത്തിയാലേ അന്വേഷണം പൂർത്തിയാകൂ.