രാത്രികാലങ്ങളിൽ തെരുവുകളിലൂടെ അലഞ്ഞു നടക്കുന്ന മാംസ കൊതിയൻമാരായ കഴുതപുലികൾ ഈസ്റ്റേൺ എത്യോപ്യയിലെ ഹരാർ എന്ന പുരാതന നഗരത്തിലെ സ്ഥിരം കാഴ്‌ചയാണ്. പക്ഷേ, ഇവിടത്തെ പ്രദേശവാസികൾക്ക് ഇവയെ യാതൊരു പേടിയുമില്ല. എന്തെന്നാൽ ഇവിടെയുള്ളവർ സ്വന്തം കൈകൾകൊണ്ടാണ് കഴുതപ്പുലികൾക്ക് മാംസാഹാരം നൽകുന്നത്! അതുകൊണ്ട് തന്നെ ഇവ ഇവരെ ആക്രമിക്കുകയേ ഇല്ല.
ഇവിടെ കഴുതപ്പുലികൾക്ക് ആഹാരം നൽകുന്നവരെ പൊതുവെ 'ഹയിന മാൻ ' എന്നാണ് അറിയപ്പെടുന്നത്. വിരലിൽ എണ്ണാവുന്നവർ മാത്രമെ ഇവിടെ ഇപ്പോൾ കഴുതപ്പുലികൾക്ക് ആഹാരം നൽകുന്നുള്ളു. അബ്ബാസ് യൂസഫ് എന്ന 25കാരൻ 13 വർഷമായി ഹരാറിലെ ഹയിന മാനാണ്. 45 വർഷം കഴുതപ്പുലികൾക്ക് ആഹാരം നൽകിയ പിതാവ് യൂസഫ് മ്യൂമെ സാലെയിൽ നിന്നാണ് അബ്ബാസിന്റെ കൈകളിലേക്ക് ഈ ചുമതല കൈമാറപ്പെട്ടത്. തന്റെ പിതാവ് കഴുതപ്പുലികൾക്ക് ആഹാരം നൽകാൻ തുടങ്ങിയതിന് ശേഷം അവ പ്രദേശവാസികളെയാരെയും ആക്രമിച്ചിട്ടില്ലെന്ന് അബ്ബാസ് പറയുന്നു.
ഒരു കഴുതപ്പുലിയെ അബ്ബാസ് വീട്ടിൽ വളർത്തുന്നുമുണ്ട്. താൻ ആഹാരം നൽകുന്ന കഴുതപ്പുലികൾക്ക് അബ്ബാസ് പേരും നൽകിയിട്ടുണ്ട്. കഴുതപ്പുലികളെ കണ്ട് പേടിച്ച് മാറി നിൽക്കുന്ന ടൂറിസ്റ്റുകളെ കൂളാക്കാൻ തന്റെ കൈകൾക്ക് പകരം വായയിലൂടെയും അവയ്‌ക്ക് ഭക്ഷണം നൽകുന്ന പതിവുണ്ട് അബ്ബാസിന്. മതിലുകളാൽ ചുറ്റപ്പെട്ട ഹരാർ നഗരത്തിലെ പുരാതന പള്ളികൾ നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്നുണ്ട്. കഴുതപ്പുലികൾക്ക് തീറ്റ കൊടുക്കുന്ന മനുഷ്യരെ ഇവിടെയെത്തുന്ന സഞ്ചാരികൾ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.
ഹരാർ നഗരത്തിന് പുറത്തുള്ള ഗുഹകളിലാണ് കഴുതപ്പുലികളുടെ വാസം. ഏകദേശം 1,50,000 പേരാണ് ഹരാറിൽ ജീവിക്കുന്നത്. ഏഴാം നൂറ്റാണ്ടിലാണ് ഹരാർ നഗരം സ്ഥാപിക്കപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടു മുതൽ തന്നെ കഴുതപ്പുലികളെ ചുറ്റിപ്പറ്റി മറ്റൊരു വിശ്വാസവും ഹരാറിൽ നിലനില്‌ക്കുന്നുണ്ട്. ഹരാറിലെ പുരോഹിതൻമാരെയും മറ്റും സംസ്‌കരിച്ചിരിക്കുന്ന ഇടമാണ് ഹക്കീം മല. ഇവിടുത്തെ കഴുതപ്പുലികൾക്ക് ആട്ടിറച്ചിയും വെണ്ണയും ചേർത്ത മിശ്രിതം പ്രദേശവാസികൾ നൽകാറുണ്ട്. ഇവ ഇത് കഴിച്ചാൽ ഭാഗ്യത്തിന്റെ ലക്ഷണമായും കഴിക്കാൻ വിസമ്മതിച്ചാൽ തങ്ങളുടെ നഗരത്തിൽ എന്തെങ്കിലും ആപത്ത് വരാൻ പോകുന്നുവെന്നുമാണ് ഇവരുടെ വിശ്വാസം.