1

ബാലരാമപുരം: ബാലരാമപുരം കൊടിനടയിൽ നിന്നും വടക്കേവിള-താന്നിവിളയിലേയ്ക്കുളള റോഡ് തകർന്ന് തരിപ്പണമായിട്ട് നാളുകളേറെയായി. ബാലരാമപുരം കൊടിനടയിൽ നിന്നും താന്നിവിളയിൽ എത്തിച്ചരുന്ന ഈ റോഡ് ഏകദേശം 3.5 കിലോമീറ്ററോളം റോഡ് കാൽനടപോലും ദുസഹമായി മാറിയിരിക്കുകയാണ്. റോഡിന്റെ പല ഭാഗങ്ങളും വൻ കുഴികൾ രൂപപ്പെട്ടുകഴിഞ്ഞു. എന്നാൽ പളളിച്ചൽ പഞ്ചായത്തും ബാലരാമപുരം പഞ്ചായത്തും അതിർത്തി പങ്കിടുന്ന ഈ റോഡ് ഇരു പഞ്ചായത്തുകളുടെയും അവഗണനമൂലമാണ് ഇത്തരത്തിൽ ആയിതീർന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നരുവാമൂട്, മുക്കംപാലമൂട്, താന്നിവിള വഴി ഏറ്റവും എളുപ്പത്തിൽ ബാലരാമപുരത്ത് എത്തിച്ചേരാൻ കഴിയുന്ന റോഡായതിനാൽ ദിനം പ്രതി നൂറുകണക്കിന് ആളുകളാണ് റോഡിന്റെ ശോചനിയാവസ്ഥയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ഇതിൽ കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രികരുമാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. ഈ റോഡ് കടന്നു പോകുന്ന ഭാഗത്ത് ആയിരത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്. താന്നിവിളയിൽ നിന്നും റോഡ് എത്തിച്ചേരുന്ന കൊടിനട ഭാഗത്ത് ദേശീയപാത നിർമ്മാണത്തെത്തുടർന്ന് ഓട പൊട്ടി മലിനജലം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായി. ബാലരാമപുരം പഞ്ചായത്ത് അധികൃതർ ഈ സംഭവം കണ്ടില്ലെന്ന് നടിക്കുന്നതായി വ്യാപക പരാതിയുമുയരുന്നു. നിരവധി സ്കൂൾ കുട്ടികളും കാൽനട യാത്രികരും ഈ മലിനജലത്തിൽ ചവിട്ടി വേണം ദേശീയപാതയിൽ എത്താൻ. റോഡിന്റെ ശോചനിയാവസ്ഥയെ തുടർന്ന് നിരവധി അപകടങ്ങളും ഈ റോഡിൽ സംഭവിക്കുന്നു. ബാലരാമപുരം കൊടിനട-താന്നിവിള റോഡിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.