rakhi-murder

തിരുവനന്തപുരം: പൂവാർ സ്വദേശി രാഖിമോളെ (30) കാണാനില്ലെന്ന പരാതി കിട്ടിയപ്പോൾ സാധാരണ ഒരു മാൻ മിസിംഗ് കേസുപോലെ വെറുതെയിരുന്നില്ല പൊലീസ്. ഫോൺ കോളുകൾ അടക്കമുള്ള തെളിവുകൾക്ക് പിന്നാലെ പൂവാർ സി.ഐയും എസ്.ഐയും ശാസ്ത്രീയമായ രീതിയിൽ അന്വേഷണം ചലിപ്പിച്ചു. ബന്ധുക്കൾ അവരുടെ രീതിയിലും അന്വേഷിച്ചു. രാഖിയെ എവിടെയെങ്കിലും കണ്ടെത്താനാവുമെന്ന പ്രതീക്ഷയോടെ നീക്കിയ അന്വേഷണം ചെന്നെത്തിയതാകട്ടെ ഒരു അരുംകൊലയുടെ വിവരങ്ങളിലേക്ക്. പരാതി കിട്ടിയതുമുതൽ 17 ദിവസം നീണ്ടു ആ അന്വേഷണം. തിരുവനന്തപുരത്തെ അമ്പൂരിയിൽ ഒരു സൈനികൻ പുതുതായി പണിയുന്ന വീടിന്റെ വളപ്പിൽ നിന്ന് രാഖിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ നാടാകെ ഞെട്ടി. വൈകാതെതന്നെ സൈനികനും സഹോദരനും സുഹൃത്തുമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തി. കൊലയ്ക്ക് സഹായം ചെയ്തുകൊടുത്ത സുഹൃത്തിനെ ഉടൻ അറസ്റ്റ് ചെയ്തു..

കൊല തെളിഞ്ഞ വഴി

രാഖിയുടെ വീട്ടുകാരുടെ സഹകരണത്തോടെയാണ് പൊലീസ് ശാസ്ത്രീയ അന്വേഷണത്തിന് തുടക്കമിട്ടത്. ഇക്കഴിഞ്ഞ ജൂൺ 21ന് വൈകിട്ട് അഞ്ചരമണിയോടെ പൂവാറിലെ വീട്ടിൽ നിന്നാണ് രാഖിമോൾ എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകാനായി ഇറങ്ങിയത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു ഫോൺകോൾ പോലും വരാതായതോടെ ജൂലായ് ആറിന് രാവിലെ പത്തുമണിയോടെ പിതാവ് രാജൻ പൂവാർ പൊലീസിന് പരാതി നൽകി. രണ്ടുവർഷമായി എറണാകുളത്തെ കോൾസെന്ററിൽ ജോലി നോക്കുകയായിരുന്നു രാഖി. ആദ്യമൊക്കെ വീട്ടിൽ വന്നശേഷം ജോലി സ്ഥലത്തേക്ക് മടങ്ങിയാൽ അവിടെയെത്തിയശേഷം വീട്ടുകാരെ വിളിക്കാറുണ്ടായിരുന്നു. പിന്നീട് ആ പതിവ് കുറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനുശേഷമാകും അച്ഛനെയോ സഹോദരങ്ങളെയോ വിളിക്കുക. വീട്ടിൽ നിന്ന് പോയി നാലുദിവസമായിട്ടും ആർക്കും രാഖിയുടെ വിളി എത്തായപ്പോൾ രാജൻ മകളെ വിളിച്ചു നോക്കി. പല തവണ ശ്രമിച്ചിട്ടും കോൾ കണക്ട് ആയില്ല. കമ്പനിയിലെ നമ്പരിൽ വിളിച്ച് അന്വേഷിച്ചു. അപ്പോഴാണ് രാഖി അവിടെ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്.

ദിവസങ്ങൾ നീണ്ട അന്വേഷണത്തിലും ബന്ധുക്കൾക്കും കൂട്ടുകാരികൾക്കും രാഖിയെപ്പറ്റി സൂചനയില്ലാതായപ്പോഴാണ് ജൂലായ് ആറിന് രാജൻ പൂവാർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. സി.ഐയെ നേരിൽ കണ്ട് മകളെ കാണാതായ വിവരം അറിയിച്ചു. രാജന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് രാഖിയുടെ ഫോൺനമ്പർ ശേഖരിച്ച് അന്വേഷണം തുടങ്ങി. അതിനിടെ രാജൻ മകളുടെ പഴയ ഡയറിലുണ്ടായിരുന്ന നമ്പരുകളിൽ വിളിച്ചും അന്വേഷിച്ചു. സഹപാഠികളുടെ നമ്പരുകൾക്കൊപ്പം കാണപ്പെട്ട ഒരു നമ്പരിൽ വിളിച്ചപ്പോൾ താൻ ഇപ്പോൾ ഡൽഹിയിലാണെന്നും നാട്ടിൽ വന്ന് മടങ്ങുംമുമ്പ് കഴിഞ്ഞ മാസം 21ന് രാഖിയെ നെയ്യാറ്റിൻകരയിൽ വച്ച് കണ്ടതായും വെളിപ്പെടുത്തി. അയാളുടെ മറുപടിയിൽ സംശയം തോന്നിയ രാജന്റെ ബന്ധുക്കൾ വാട്ട്സ് ആപ്പും ഫേസ് ബുക്കും പരിശോധിച്ച് ആ നമ്പരിന്റെ ഉടമയുടെ പേരും ഫോട്ടോയും ശേഖരിച്ചു. അഖിൽ എന്ന യുവാവാണ് അതെന്ന് തിരിച്ചറിഞ്ഞ വീട്ടുകാർ വിവരം ഉടൻ പൊലീസിന് കൈമാറി.

പൂവാർ പൊലീസ് ആ നമ്പരിലേക്ക് വിളിച്ചു. നെയ്യാറ്റിൻകരയ്ക്ക് സമീപം വച്ച് രാഖിയെ സുജിത്ത് എന്ന യുവാവിനൊപ്പം പോകുന്നത് കണ്ടതായി ഇയാൾ വെളിപ്പെടുത്തി. അതോടെ സുജിത്തിനെക്കുറിച്ചായി അന്വേഷണം. എന്നാൽ, രാഖിയുടെ ഫോൺ കോളുകളിലോ സുഹൃത്തുക്കളിലോ സുജിത്ത് എന്ന ആളില്ലെന്ന് സ്ഥിരീകരിച്ചതോടെ പൊലീസിന് സംശയമേറി. സുജിത്തിനൊപ്പം ടൂർ പോകുന്നതായി രാഖി തനിക്ക് അയച്ച മെസേജ് എന്ന പേരിൽ ഒരു മെസേജും സൈനികനായ അഖിൽ ജോലി സ്ഥലത്തിരുന്ന് പൊലീസിന് ഫോർവേഡ് ചെയ്തുകൊടുത്തു. രാഖിയുടെ നമ്പരിൽ നിന്നാണ് മെസേജ് വന്നതെങ്കിലും അതിന്റെ ഉറവിടം പരിശോധിച്ച പൊലീസിന് ഫോണിന്റെ ഐ.എം.ഇ.ഐ നമ്പരിൽ വ്യത്യാസമുള്ളതായി ബോദ്ധ്യപ്പെട്ടു. അതോടെ അന്വേഷണം ഊർജിതമാക്കി.

അതിനിടെ രാഖിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രാജൻ ഹൈക്കോടതിയിൽ സമ‌ർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ പൊലീസിന് കോടതി നോട്ടീസയച്ചു. അന്വേഷണ പുരോഗതി കോടതിയെ ബോദ്ധ്യപ്പെടുത്തി പൊലീസ് റിപ്പോർട്ട് നൽകി. രാഖിയുടെ ഫോണിലേക്ക് അവസാനമായി വന്ന കോൾ അഖിലിന്റേതാണെന്ന് ഉറപ്പാക്കി. സംഭവ ദിവസം അഖിലും സഹോദരൻ രാഹുലും സുഹൃത്ത് ആദർശും ഒപ്പമുണ്ടായിരുന്നതായി കണ്ടെത്തി. ഇതിനൊപ്പം രാഖിയുടെ മൊബൈൽ ഫോണും അമ്പൂരിയിലെ ടവർ ലൊക്കേഷനിലാണെന്നും മനസിലാക്കി. രാഖിയുടെ ഫോണിലേക്ക് ആദർശിന്റെ ഫോണിൽ നിന്നെത്തിയ വിളിയും സംശയങ്ങൾ ബലപ്പെടുത്തി. അതിനിടെ അന്വേഷണം തങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് മനസിലാക്കിയ അഖിൽ പട്ടാളക്യാമ്പിൽ നിന്ന് പൊലീസിനെതിരെ പരാതി നൽകി അന്വേഷണം നി‌ർജീവമാക്കാൻ ശ്രമം നടത്തി. അതോടെ അഖിലിന്റെ 'നാടകങ്ങൾ' ഒന്നൊന്നായി പൊളിഞ്ഞു തുടങ്ങി. അതിനിടെ താൻ നിരപരാധിയാണെന്ന് വരുത്തിതീർക്കാനും ശ്രമം നടത്തി.

ഇവരുടെ ഓരോ നീക്കങ്ങളും സംശയം ബലപ്പെടുത്തും വിധമായപ്പോൾ അഖിലിന്റെ അയൽവാസി ആദർശ് പൊലീസ് നിരീക്ഷണത്തിലായി. ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന ആദർശ് പൊലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പരുങ്ങുകയും പരിഭ്രമിക്കുകയും ചെയ്തതോടെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ആദർശ് പൊലീസിന് മുന്നിൽ മനസ് തുറന്നു. കൊലപ്പെടുത്തിയ രീതിയും മൃതദേഹം കുഴിയെടുത്ത് മൂടിയ പുരയിടത്തിലെ സ്ഥലവും കാട്ടിക്കൊടുത്തു. അതേ സ്ഥലത്ത് പൊലീസ് കുഴിച്ചുനോക്കിയതോടെ രാഖിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആ എസ്.എം.എസ്

പൊലീസ് അന്വേഷണത്തെ വഴിതെറ്റിക്കാൻ ഇതിനിടെ സൈനികൻ അഖിലിന്റെ സഹോദരൻ രാഹുലും സുഹൃത്ത് ആദർശും ചേർന്ന് ഒരുക്കിയ നാടകമാണ് വ്യാജ എസ്.എം.എസ്. തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് ഇവരെത്തി രാഖിയുടെ സിംകാർഡ് പുതിയ ഫോണിലിട്ട് അതിൽ നിന്നാണ് 'സുജിത്തിനൊപ്പം കേരളത്തിന് പുറത്ത് ടൂർ പോകുന്നു' എന്ന മെസേജ് അഖിലേഷിന് അയച്ചത്. ഇത് നേരത്തെ തയാറാക്കിയ തിരക്കഥയായിരുന്നു. ഈ മെസേജാണ് അഖിൽ പട്ടാള ക്യാമ്പിൽ നിന്ന് രാഖി അയച്ചതെന്ന പേരിൽ പൊലീസിന് കൈമാറിയത്. എന്നാൽ, ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ കണ്ടെത്തിയതോടെയാണ് ഈ നാടകം പൊളിഞ്ഞ് പാളീസായത്.

രണ്ടാം പ്രതി രാഹുൽ പിടിയിൽ

അതേസമയം, കേസിലെ രണ്ടാം പ്രതി രാഹുലെ പിടികൂടിയതായി പൊലീസ് അറിയിച്ചു. മലയിൻകീഴിലെ വീട്ടിൽ ഒളിച്ചിരുന്ന ഇയാളെ പൂവാർ പൊലീസാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. അഖിലുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറാത്തതിനാൽ താനാണ് കാറിൽ വച്ച് രാഖിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.