ലണ്ടൻ: മനുഷ്യചർമ്മത്തെ തോൽപ്പിക്കുന്ന കൃത്രിമ ചർമ്മം റെഡി. സിംഗപ്പൂരിലെ നാഷണൽ സർവകലാശാലയിലെ ഗവേഷകനായ ബെഞ്ചമിൻ ടീയും സഹപ്രവർത്തകരുമാണ് ഇതിനുപിന്നിലെ ബുദ്ധികേന്ദ്രം. ചൂടും മർദ്ദവും തിരിച്ചറിയുന്ന കാര്യത്തിൽ ഒറിജിനൽ തൊലി ഇവന്റെ മുന്നിൽ സുല്ലിട്ടുപോകുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.
റബറും പ്ളാസ്റ്റിക്കും പ്രത്യക അനുപാതത്തിൽ കൂട്ടിച്ചേർത്ത മിശ്രിതമുപയോഗിച്ചാണ് കൃത്രിമ തൊലി നിർമ്മിച്ചത്. ഇതിലുടനീളം വളരെ നേർത്ത സെൻസറുകൾ പിടിപ്പിച്ചിട്ടുണ്ട്. ഇവയാണ് ചൂടും തണുപ്പും മർദവുമൊക്കെ തിരിച്ചറിയാൻ സഹായിക്കുന്നത്. ഇൗ സെൻസറുകളും റിസീവറും ലീയും സംഘവും പ്രത്യേകമായി നിർമിക്കുകയായിരുന്നു. കൃത്രിമ ത്വക്കിൽ ചൂടുള്ള ഒരു വസ്തു തട്ടിയാൽ ഉടൻ സെൻസറുകൾ സിഗ്നലുകൾ അയയ്ക്കും. ഇവ റിസീവർ സ്വീകരിക്കുകയും വിശകലനം ചെയ്ത് ഞൊടിയിടയ്ക്കുള്ളിൽ തിരിച്ച് സന്ദേശമയയ്ക്കുകയും ത്വക്ക് അതിനസുസരിച്ച് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്.
ഇങ്ങനെ പ്രവത്തിക്കാൻ ഒറിജിനലിനെ അപേക്ഷിച്ച് വളരെക്കുറച്ച് സമയം മതിയെന്നാണ് ഗവേഷകരുടെ അവകാശവാദം.
കൃത്രിമത്വക്കിൽ പിടിപ്പിച്ചിരിക്കുന്ന സെൻസറുകൾ എല്ലാം ഒറ്റ വയർ ഉപയോഗിച്ചാണ് ബന്ധിപ്പിച്ചിട്ടുള്ളത്. അതിനാലാണ് വളരെ വേഗത്തിൽ സിഗ്നലുകൾ റിസീവറിലേക്ക് അയയ്ക്കാനും തിരികെ സ്വീകരിക്കാനും കഴിയുന്നത്. മനുഷ്യ ശരീരത്തിലെ സെൻസറുകൾ സെക്കൻഡിൽ ആയിരം തവണയാണ് സിഗ്നലുകൾ അയയ്ക്കുന്നത്.
എന്നാൽ കൃത്രിമ ത്വക്കിലെ സെൻസറുകൾ സെക്കൻഡിൽ 90ലക്ഷം സിഗ്നലുകൾ അയയ്ക്കുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇതാണ് കൃത്യതയും വേഗവും കൂടാൻ കാരണം. ഇൗ കണ്ടുപിടിത്തം കൃത്രിമ അവയവങ്ങളും നിർമ്മാണത്തിനും മനുഷ്യ സമാന യന്ത്രമനുഷ്യരുടെ നിർമ്മാണത്തിനും ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.