social-wire

അഞ്ച് ഗോൾഡ് മെഡലുകൾ നേടി ഏവരെയും അമ്പരപ്പിച്ച ഇന്ത്യയുടെ സ്‌‌പ്രിന്റ് റാണി ഹിമാദാസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. പക്ഷേ, ഇത്തവണ കാരണം മറ്റൊന്നാണെന്ന് മാത്രം. ട്രാക്കിലെ സക്‌സസിന് ശേഷം സോഷ്യൽ മീഡിയയെ വീണ്ടും കൈയിലെടുത്തിരിക്കുകയാണ് ഹിമ. ഓട്ടത്തിന് പകരം കുക്കിംഗ് ആണ് ഹിമ തിരഞ്ഞെടുത്ത മേഖല. ട്രാക്കിൽ മാത്രമല്ല കുക്കിംഗിലും താൻ മിടുക്കിയാണെന്ന് തെളിച്ചിരിക്കുകയാണ്. യൂറോപ്പിൽ ഹോട്ടലിൽ ഒഴിവു സമയത്ത് ആസാമീസ് ദാൽ ഉണ്ടാക്കുന്ന ഹിമയുടെ വീഡിയോ വൈറലായി.

19കാരിയായ ഹിമ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. താനും ഇന്ത്യൻ താരം സരിതാബെന്നും കൂടിയാണ് പാചകത്തിനാവശ്യമായ സാധനങ്ങളും പാത്രങ്ങളും മറ്റും വാങ്ങിയതെന്നും ഹിമ വീഡിയോയിൽ പറയുന്നു. ജൂലായ് 20നാണ് ഹിമ ഏറ്റവും ഒടുവിൽ ട്രാക്കിൽ ഗോൾഡ് മെഡൽ സ്വന്തമാക്കിയത്. പ്രേഗിൽ നടന്ന ഗ്രാന്റ് പ്രീയിൽ 400 മീറ്റർ 52.09 സെക്കന്റ് കൊണ്ട് ഓടിയെത്തിയതാണ് ഹിമയുടെ നേട്ടം. ജൂലായ് 17ന് ടബോർ അത്‌ലറ്റിക്‌ മീറ്റിൽ 200 മീറ്റർ ഇനത്തിൽ സ്വർണം നേടിയ ഹിമ ജൂലായ് 2ന് പോളണ്ടിൽ നടന്ന ഗ്രാന്റ്പ്രീയിൽ 23.65 സെക്കന്റ് കൊണ്ട് ഓടിയാണ് തന്റെ ആദ്യ സ്വർണം കരസ്ഥമാക്കിയത്. രണ്ടാം തവണയായ ജൂലായ് 8ന് പോളണ്ടിൽ നടന്ന അത്‌ലറ്റിക് മീറ്റിൽ 23.97 സെക്കന്റിൽ ഹിമ ലക്ഷ്യസ്ഥാനത്തെത്തി. 24.06 സെക്കന്റ് കൊണ്ട് ഓടിയെത്തിയ കേരള അത്‌ലറ്റ് വി.കെ. വിസ്‌മയ സിൽവർ മെഡലിന് അർഹയായിരുന്നു.