സ്‌കൂൾ കാലത്തെ ജീവിതം ആസ്‌പദമാക്കി അടുത്തകാലത്ത് സിനിമകൾ ഇറങ്ങിയിരുന്നു. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായ അവതരണരീതി കൊണ്ടും പ്രമേയമികവു കൊണ്ടും വേറിട്ടുനിൽക്കുന്നതാണ് തിരക്കഥാകൃത്തും ഹ്രസ്വചിത്ര സംവിധായകനുമായ ഗിരീഷ് എ.ഡിയുടെ കന്നി സംവിധാന സംരംഭമായ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ. പേരുപോലെ തന്നെ സ്കൂൾ കാലം ഒരു തണ്ണീർമത്തന്റെ രൂപത്തിൽ നമ്മളിൽ പലർക്കും അനുഭവപ്പെട്ടിട്ടുണ്ടെന്നത് സിനിമ കാണുമ്പോൾ മനസിലാകും.
ഒരു സർക്കാർ സ്‌കൂളിൽ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർത്ഥികൾക്കിടയിലുണ്ടാകുന്ന പ്രണയവും പ്രശ്നങ്ങളും അടിപിടിയുമൊക്കെ ഹാസ്യത്തിന്റേയും മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് സംവിധായൻ ഈ സിനിമയിലൂടെ. ടീനേജ് പ്രായത്തിൽ ഏതൊരു കുട്ടിയും ചെയ്യുന്ന കാര്യങ്ങളിലൂടെ തന്നെയാണ് ഈ സിനിമയും കടന്നുപോകുന്നത്. നമുക്കിടയിൽ ഇത്തരം അനുഭവങ്ങളുള്ളവരുണ്ടാകാം. അക്കഥ തന്നെയാണ് ഇവിടെയും ചുരുളഴിക്കുന്നത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജയ്സൻ, തന്റെ സഹപാഠിയായ കീർത്തിയെ പ്രണയിക്കുന്നു. അവളുടെ മനസ് വിജയിക്കാനുള്ള അവന്റെ ശ്രമങ്ങളും അതിനിടെയുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഇതിനിടയിലേക്ക് ഓവർആക്ടീവായ ഒരദ്ധ്യപാകൻ എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളും സിനിമയുടെ കഥാതന്തുവാണ്. കേവലം കൗമാരകാലത്തെ പ്രണയകഥ എന്നതിനെക്കാളുപരി സ്കൂൾ കാലഘട്ടത്തിലെ ചപലതയേയും വിദ്യാർത്ഥികളുടെ തെറ്റുകുറങ്ങളെയും സിനിമ കോറിയിടുന്നുണ്ട്. പ്രേക്ഷകർക്ക് തങ്ങളുടെ സ്കൂൾ ജീവിതത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് എന്നതിനുപരി മറ്റൊന്നും തന്നെ സംവിധായകൻ മുന്നോട്ട് വയ്ക്കുന്നില്ല.
ആദ്യപകുതിയിൽ സ്‌കൂൾ കുട്ടികളുടെ ജീവിതം അനാവരണം ചെയ്യുന്ന സിനിമ, മതിലുകളില്ലാത്ത ബന്ധങ്ങളെ വരച്ചുകാട്ടുന്നു. സ്കൂളിന് മുന്നിലുള്ള തണ്ണിമത്തൻ ജ്യൂസ് കടയൊക്കെ കാലങ്ങളായി നമ്മുടെ മനസിൽ മറഞ്ഞുകിടക്കുന്ന പഠനകാലത്തെ ഓർമ്മകളാണ്. ആ ഓർമ്മകളെ കുളിർപ്പിക്കാൻ തണ്ണിമത്തൻ ദിനങ്ങൾക്ക് കഴിയുന്നുണ്ട്. രണ്ടാം പകുതിയിൽ കുറച്ച് കൂടി നാടകീയ രംഗങ്ങളിളൂടെ സഞ്ചരിക്കുന്ന സിനിമ വ്യാജ അദ്ധ്യാപകന്മാരുടെ തട്ടിപ്പിനെ കുറിച്ചും ചർച്ച ചെയ്യുന്നു. അതേസമയം. ക്ളൈമാക്സിൽ സിനിമ സംവിധായകയന്റെ നിയന്ത്രണത്തിൽ നിന്ന് പോകുന്നുണ്ട്. സിനിമ എങ്ങനെ അവസാനിപ്പിക്കണം എന്നതിനെ കുറിച്ചുള്ള ആശയക്കുഴപ്പം നല്ലതുപോലെ നിഴലിച്ചുകാണാം. ക്ളൈമാക്സിന് വേണ്ടി ബസിൽ വച്ചൊരു സീൻ ക്രിയേറ്റ് ചെയ്തത് അടക്കമുള്ളവ അതിനാടകീയതയായി. ഗിരീഷും ഡിനോയ് പൗലോസും ചേർന്നാണ് തിരക്കഥയൊരുക്കിയത്.
ജാതിക്കാതോട്ടത്തിലെ സുന്ദരനും സുന്ദരിയും
കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മാത്യൂസ് ജോസഫാണ് ചിത്രത്തിലെ നായക കഥാപാത്രമായ ജയ്സനെ അവതരിപ്പിക്കുന്നത്. പ്ളസ് ടു വിദ്യാർത്ഥിയായ മാത്യൂ ജോസഫ് പ്ളസ് ടുക്കാരനായി തന്നെയാണ് ഈ സിനിമയിലും എത്തുന്നത്. തികച്ചും സ്വാഭാവികാഭിനയത്തിലൂടെ ജയ്സൻ പ്രേക്ഷകരുടെ മനം കവരുന്നുണ്ട്. സൗന്ദര്യം കുറഞ്ഞുപോയതിന്റെ പേരിൽ തനിക്കുണ്ടാകുന്ന അപകർഷബോധത്തെ പോലും ജയ്സൻ പോസിറ്റീവായാണ് സമീപിക്കുന്നത്. ഇത്തരം സ്വഭാവക്കാർ നമുക്കിടയിലുമുണ്ടാകുമെന്ന് ജയ്സന്റെ കഥാപാത്രം ഓർമ്മിപ്പിക്കുന്നു. താരങ്ങളെല്ലാവരും ഡയലോഗ് പറയുന്നതിൽ പോലു ഒരു കൃത്രിമത്വം അനുഭവപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്.
നായികയായ കീർത്തിയുടെ വേഷത്തിലെത്തുന്ന അനശ്വര രാജനെ, ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതമാണ്. അവിടെ നിന്ന് ഈ സിനിമയിലെത്തുമ്പോൾ അനശ്വര ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഇവർക്കൊപ്പം അഭിനയിക്കുന്ന ഒരുപിടി സ്കൂൾ വിദ്യാർത്ഥികളും മികച്ച പ്രകടനമാണ് നടത്തുന്നത്. രവി പദ്മനാഭൻ എന്ന മലയാളം അദ്ധ്യാപകന്റെ വേഷത്തിലെത്തുന്ന വിനീത് ശ്രീനിവാസൻ ഓവർ ആക്ടിംഗായുള്ള അദ്ധ്യാപക കഥാപാത്രമായി മികച്ചുനിൽക്കുന്നു. വിനീത് ഇതുവരെ ഇത്തരത്തിലൊരു കഥാപാത്രത്തെ തന്റെ കരിയറിൽ അവതരിപ്പിച്ചിട്ടുണ്ടാകില്ല. നിഷ സാരംഗ്, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രം റിലീസാകുന്നതിന് മുമ്പ് തന്നെ ജാതിക്കാതോട്ടം എജ്ജാതി നിന്റെ നോട്ടം എന്ന ഗാനം ശ്രദ്ധേയമായിരുന്നു. സിനിമയ്ക്ക് ഒരു റിയലിസം ഫീൽ ചെയ്യിക്കുന്നതിൽ ഇതടക്കമുള്ള ഗാനങ്ങൾക്കും വലിയൊരു പങ്കുണ്ട്.
വാൽക്കഷണം: മറക്കാനാകാത്ത സ്കൂൾ കാലത്തേക്ക് തിരിച്ചുപോകാം
റേറ്റിംഗ്: 2.5