kodiyeri-adoor
kodiyeri adoor

തിരുവനന്തപുരം: ലോക പ്രശസ്ത ചലച്ചിത്രകാരനും മലയാളത്തിന്റെ അഭിമാനവുമായ അടൂർ ഗോപാലകൃഷ്ണനെ അന്യഗ്രഹത്തിലേക്ക് നാടുകടത്താനുള്ള സംഘപരിവാർ പ്രഖ്യാപനം നാടിനെ അപമാനിക്കലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ആരെയും എന്തിനെയും ഭീഷണിയിലൂടെയും അക്രമത്തിലൂടെയും വരുതിയിലാക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമം കേരളത്തിൽ വിലപ്പോവില്ല. പുരസ്‌കാരങ്ങൾക്കും കസേരകൾക്കും പിന്നാലെ പോകുന്ന ആളല്ല അടൂർ. എന്നിട്ടും കേന്ദ്രസർക്കാരിന്റെ പരിഗണന കിട്ടാത്തതിനാലാണ് പ്രതിഷേധമെന്ന ആർ.എസ്.എസ് നേതാവിന്റെ വ്യാഖ്യാനം അവഹേളിക്കലാണ്. പച്ചില കാട്ടി ചിലരെ വിലയ്ക്കു വാങ്ങും പോലെ ഉത്തമ കലാകാരന്മാരെ സംഘപരിവാറിന്റെ മനുഷ്യത്വഹീന രാഷ്ട്രീയത്തിന്റെ ഒത്താശക്കാരാക്കാൻ കഴിയില്ല. വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അത് ചർച്ച ചെയ്യാനുമുള്ള അവകാശം ജനാധിപത്യം തരുന്നുണ്ട്. സംഘപരിവാറിന്റെ ആക്രമണോത്സുക രാഷ്ട്രീയത്തെ എതിർത്താൽ ഗൗരി ലങ്കേഷിന്റെ അനുഭവമുണ്ടാകുമെന്ന ഭീഷണിയാണ് യഥാർത്ഥത്തിലുണ്ടായിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.