സ്വകാര്യ പങ്കാളിത്തത്തോടെ വികസനമെന്ന ആശയത്തോട് എൽ.ഡി.എഫ് സർക്കാരിന്റെ അന്ധമായ എതിർപ്പ് ഇല്ലായിരുന്നുവെങ്കിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും ഇതിനകംതന്നെ ലൈറ്റ് മെട്രോയ്ക്കുവേണ്ടിയുള്ള പണികൾ വിവിധ ദശകളിലാകുമായിരുന്നു. സ്വകാര്യ മുതൽ മുടക്കിനോടുള്ള അലർജിയാണ് പല നല്ല പദ്ധതികളുടെയും കാര്യത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. എല്ലാം പൊതുമേഖലയിൽത്തന്നെ വേണമെന്നാണ് ആഗ്രഹം. സർക്കാരിനാകട്ടെ അതിനുതക്ക സാമ്പത്തിക ശേഷിയുമില്ല.
പണംമുടക്കി പങ്കാളികളാകാൻ വരുന്നവരെ നാനാവിധേനയും സ്ഥലംവിടാൻ പ്രേരിപ്പിക്കുംവിധത്തിലാണ് പലതരം അനുമതികളുമായി ബന്ധപ്പെട്ട ഒൗദ്യോഗിക നടപടിക്രമങ്ങൾ. രണ്ടുവർഷംമുൻപുതന്നെ തുടക്കമിടാൻ കഴിയുമായിരുന്ന മെട്രോ പദ്ധതി ഇപ്പോഴും കടലാസ് രൂപത്തിൽ കിടക്കാൻ കാരണം സ്വകാര്യ പങ്കാളിത്ത പ്രശ്നത്തിൽ ചെറിയ വിട്ടുവീഴ്ചയ്ക്കുപോലും സർക്കാർ തയ്യാറാകാത്തതാണ്. രാജ്യത്ത് പുതിയ മെട്രോ പദ്ധതിക്ക് അനുമതി വേണമെങ്കിൽ സ്വകാര്യമേഖലയേയും അതിൽ ഉൾപ്പെടുത്തണമെന്നതാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നയം. നയം പ്രാബല്യത്തിലായിട്ട് രണ്ടുവർഷത്തിലധികമായി. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ കൊണ്ടുവരാനുള്ള ആലോചന തുടങ്ങിയിട്ട് എട്ടുപത്തുവർഷമായെങ്കിലും ഒരിഞ്ചുമുന്നോട്ട് നീക്കാനായിട്ടില്ല. കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച് വിശദമായ പദ്ധതി രേഖയൊക്കെ നേരത്തെ തയ്യാറാക്കിയിരുന്നു. എന്നാൽ സ്വകാര്യ പങ്കാളിത്തത്തിൽ തട്ടി ആലോചന നിലച്ചതോടെ മെട്രോ വെറും സ്വപ്നപദ്ധതിയായി മാറി. കേന്ദ്രനയത്തിനുവഴങ്ങി പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന നിലപാടിലാണ് സർക്കാർ ഇപ്പോൾ. പദ്ധതി റിപ്പോർട്ടിൽ ആവശ്യമായ മാറ്റം വരുത്തി കേന്ദ്രത്തിന്റെ അനുമതി തേടാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പദ്ധതിയുടെ ചുമതലയുള്ള കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് റിപ്പോർട്ട് അംഗീകരിച്ചുകഴിഞ്ഞു. സംസ്ഥാന മന്ത്രിസഭ കൂടി അംഗീകരിച്ചാൽ അനുമതിക്കായി കേന്ദ്രത്തെ സമീപിക്കാനാവും.
ഇപ്പോഴത്തെ കണക്കനുസരിച്ച് പദ്ധതി നടപ്പാക്കാൻ 6728 കോടിരൂപ ചെലവാകും. നിർമ്മാണ സാമഗ്രികളുടെ അടിക്കടിയുള്ള വിലക്കയറ്റം വച്ചുനോക്കിയാൽ അത് ഇനിയും കൂടാനാണ് സാദ്ധ്യത. മെട്രോ ആശയം രൂപംകൊണ്ട കാലത്തുതന്നെ പണി തുടങ്ങിയിരുന്നെങ്കിൽ ഇൗ തുകയുടെ പകുതിപോലും വേണ്ടിവരില്ലായിരുന്നു. വൈകുന്ന ഒാരോ മാസത്തിനും ചെലവ് കൂടിക്കൊണ്ടിരിക്കും. മെട്രോയുടെ കാര്യത്തിൽ മാത്രമല്ല ഏത് വൻകിട പദ്ധതികളുടെയും കാര്യത്തിൽ ഇത് ബാധകമാണ്. കേന്ദ്ര നയം പാലിച്ചു എന്നുവരുത്താൻ വേണ്ടി മാത്രമാകും മെട്രോ പദ്ധതിയിൽ സ്വകാര്യ പങ്കാളിത്തം എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. 6728 കോടിരൂപയുടെ പദ്ധതിയിൽ വെറും 150 കോടി രൂപയിലൊതുങ്ങും അത്. ടിക്കറ്റ്, എലിവേറ്റർ, ലിഫ്റ്റ് എന്നീ രംഗത്താകും സ്വകാര്യ മേഖലയെ ഉൾപ്പെടുത്തുക. ശേഷിക്കുന്ന വിഹിതത്തിൽ ഒരുഭാഗം കേന്ദ്രവും സംസ്ഥാനവും പങ്കിട്ടെടുക്കണം. ശേഷിക്കുന്നഭാഗം ദീർഘകാല വായ്പയായി കണ്ടെത്തേണ്ടിവരും. 1.35 ശതമാനം മാത്രം പലിശയ്ക്ക് വായ്പ നൽകാൻ തയ്യാറായി ഫ്രഞ്ച് ധനകാര്യ സ്ഥാപനം നേരത്തെ മുന്നോട്ടുവന്നിട്ടുള്ളതുകൊണ്ട് കാര്യങ്ങൾ എളുപ്പമാണ്. കേന്ദ്രാനുമതി വേഗം തരപ്പെടുത്തി പദ്ധതി നടപ്പാക്കാനുള്ള നടപടി ഉണ്ടായാൽ മാത്രം മതി.
പദ്ധതി വച്ചുതാമസിപ്പിച്ചാൽ സംഭവിക്കാനിടയുള്ള കഷ്ടനഷ്ടങ്ങളെക്കുറിച്ച് മെട്രോ ഉപദേഷ്ടാവായ ഇ. ശ്രീധരൻ അന്നേ മുന്നറിയിപ്പ് നൽകിയതാണ്. ബ്യൂറോക്രസിയുടെ സ്വതസിദ്ധമായ കുശുമ്പും ഇൗഗോയും മെട്രോ പദ്ധതിക്ക് വലിയ വിനയാണ് വരുത്തിയത്. ലൈറ്റ് മെട്രോയ്ക്കായി ഇ. ശ്രീധരൻ തയ്യാറാക്കിയ വിശദപദ്ധതിരേഖയ്ക്കെതിരെ ഐ.എ.എസ് സമിതി കടുത്ത നിലപാടെടുത്തതും പദ്ധതി അനിശ്ചിതത്വത്തിലാകാൻ കാരണമായി. ഏത് വിധേനയും ശ്രീധരനെ രംഗത്തുനിന്ന് ഒാടിക്കാനാണ് അവർ ശ്രമിച്ചത്. ഉപജാപക സംഘത്തിന്റെ വാക്കുകളിൽ സർക്കാരും വീണുപോയി എന്നതാണ് വസ്തുത. ഏതായാലും കാര്യങ്ങൾ തിരിച്ചറിഞ്ഞ് പദ്ധതി പൊടിതട്ടിയെടുത്ത് നടപ്പാക്കാൻ ശ്രമം ആരംഭിച്ചത് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ ഭാഗ്യമായി കരുതാം.
തിരുവനന്തപുരത്തെ മെട്രോ ടെക്നോ പാർക്കിനുകൂടി പ്രയോജനപ്പെടുന്ന വിധത്തിൽ നിർദ്ദിഷ്ട അലൈൻമെന്റിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കെ.ആർ.ടി.എൽ ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്. പതിനായിരക്കണക്കിന് ജീവനക്കാരുള്ള ടെക്നോപാർക്കിലേക്കുകൂടി ലൈൻ നീട്ടിയാൽ യാത്രാവരുമാനത്തിൽ ഉണ്ടാകുന്ന നേട്ടവും ചെറുതായിരിക്കില്ല. ഇക്കാര്യവും കുറച്ചുകൂടി നേരത്തെ കൈക്കൊണ്ടിരുന്നുവെങ്കിൽ ബൈപാസ് വികസനത്തിൽ മെട്രോയെകൂടി ഉൾക്കൊള്ളിക്കാൻ കഴിയുമായിരുന്നു. ചെലവും നല്ലതോതിൽ കുറയ്ക്കാമായിരുന്നു. വേണ്ട തീരുമാനങ്ങൾ വേണ്ട സമയത്ത് എടുക്കാതിരിക്കുന്നതിലാണല്ലോ മിടുക്ക് കാണിക്കുന്നത്.
വികസന കാര്യങ്ങൾക്ക് മുടക്കാൻ സർക്കാരിന്റെ പക്കൽ വേണ്ടത്ര പണമില്ലാതിരിക്കെ സാദ്ധ്യമായ ഇടങ്ങളിൽ സ്വകാര്യമേഖലയ്ക്ക് അവസരം നൽകുന്നതുകൊണ്ട് പ്രത്യേകിച്ച് ദോഷമൊന്നും വരാനില്ല. ആദർശം പറഞ്ഞിരുന്നാൽ വികസനം വരാൻ പോകുന്നില്ല. രാജ്യത്തെ ഏറ്റവും നല്ല വിമാനത്താവളങ്ങളിലാെന്നാണ് നെടുമ്പാശേരിയിലേത്. സ്വകാര്യ പങ്കാളിത്തത്തോടെ അത് നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ പുകിലുകൾ മറക്കാറായിട്ടില്ല. തന്റെ ശവത്തിലൂടെയാകും നെടുമ്പാശേരിയിൽ ആദ്യവിമാനം വന്നിറങ്ങുക എന്നുവരെ ചപ്പടാച്ചിയടിച്ചവർ ഉണ്ട്. എന്നിട്ടെന്തുണ്ടായി? വിമാനത്താവള കമ്പനിയുടെ ഭരണസമിതി രൂപീകരിച്ചപ്പോൾ നേരത്തെ രൂക്ഷമായി പ്രതിഷേധിച്ച ജനപ്രതിനിധിതന്നെ അതിന്റെ ഉപാദ്ധ്യക്ഷനായി. സ്വകാര്യ പങ്കാളിത്തത്തോടുള്ള എതിർപ്പ് അത്രയൊക്കെയേ ഉള്ളൂ. യാഥാർത്ഥ്യം വേണ്ടപോലെ മനസിലാക്കാതെയുള്ള എടുത്തുചാട്ടങ്ങളിൽ തളച്ചിടേണ്ടതല്ല സംസ്ഥാനത്തിന്റെ വികസനം.