v

കടയ്ക്കാവൂർ: മണനാക്ക് ‌ഏലാപുറം കൊല്ലമ്പുഴ റോഡിൽ കാൽനടയാത്രക്കാർ പോലും യാത്ര ചെയ്യാൻ കഴിയാതെ കഷ്ടപ്പെടുന്നു. പലഭാഗത്തും റോഡിന് ഇരുവശവും ഉള്ള നടപ്പാത പ്പൊട്ടി ഇളകി കുറ്റിച്ചെടികളും കാടും പടർപ്പും വളർന്നു. ഏലാപ്പുറം റൂറൽ സഹകരണസംഘം മുതൽ വിളയിൽ മൂലവരെ നടപ്പാത ഉണ്ടെന്ന് പറയാൻ കഴിയില്ല. ഐ.ഒ.ബി ജംഗ്ഷനിലും ശാസ്താംനട ജംഗ്ഷനിലും ഓടകൾ നികന്ന് മഴക്കാലത്ത് വെള്ളം റോഡിൽ കൂടിയാണ് ഒഴുകുന്നത്. കക്കൂസ് മാലിന്യവും മറ്റും കലങ്ങിയ ഇൗ വെള്ളത്തിൽ കൂടിയുള്ള യാത്ര ദുഷ്കരമാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

പൊതുമരാമത്തിന്റെ ഓടയായതിനാൽ പഞ്ചായത്ത് ശ്രദ്ധിക്കുന്നുമില്ല. വിളയിൽമൂലയിൽ നിന്നും ഐ.ഒ.ബി ജംഗ്ഷൻ വരെ റോഡിന് ഇരുവശവും ഗർത്തങ്ങൾ രൂപപ്പെട്ട് അപകടങ്ങളും സംഭവിക്കുന്നുണ്ട്. നടപ്പാതയ്ക്ക് സ്ഥലമില്ലാത്ത പലഭാഗങ്ങളിലും പുറം പോക്ക് ഉണ്ടന്നും പുറം പോക്ക് അളന്ന് തിട്ടപ്പെടുത്തിയശേഷം റോഡ് വീതികൂട്ടി ശാസ്ത്രീയമായ നിലയിൽ കാേൺക്രീറ്റ് ചെയ്ത് നടപ്പാത ഉണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഒാട നികന്ന ഭാഗങ്ങളിൽ ഓടവൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാനുളള സൗകര്യവും അടിയന്തരമായി ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.