തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെതിരെ സംഘപരിവാർ ഉയർത്തുന്ന ഭീഷണിയെ സാംസ്കാരിക കേരളം ഒറ്റ മനസോടെ ചെറുക്കണമെന്ന് സാംസ്കാരികമന്ത്രി എ.കെ. ബാലൻ ആവശ്യപ്പെട്ടു.
ഭരണ പിന്തുണയോടെ സംഘപരിവാർ നടത്തുന്ന ആൾക്കൂട്ട അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ ഐക്യരാഷ്ട്രസഭയിൽ പോലും പ്രതിഷേധമുയർന്നു.
തങ്ങൾക്കെതിരെ സംസാരിക്കുന്നവരെ പാകിസ്ഥാനിലേക്കയയ്ക്കുമെന്നാണ് സംഘപരിവാർ ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോൾ ചന്ദ്രനിലയയ്ക്കുമെന്നാണ് പറയുന്നത്. കേരളത്തിന്റെ അഭിമാനമായ എം.ടിയെ ഇടതുപക്ഷത്തിന്റെ കാലുനക്കിയെന്നാണ് സംഘപരിവാർ മുഖപത്രം മുമ്പ് വിശേഷിപ്പിച്ചത്. മനുഷ്യർക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി വാദിക്കുന്നവരെയൊക്കെ ഇവർ ശത്രുക്കളായി കാണുന്നു. വ്യത്യസ്ത അഭിപ്രായമുള്ളവരെ തകർത്തു കളയുമെന്ന സംഘപരിവാറിന്റെ നിലപാട് കേരളത്തിൽ വിലപ്പോകില്ലെന്നും മന്ത്രി പറഞ്ഞു.