nda-crop

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ സ്വന്തം സഖാവിന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയവർക്ക് പരിശീലനം നൽകിയവരിൽ ചിലർ സെക്രട്ടേറിയറ്റിൽ മന്ത്രിമാരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.

യൂണിവേഴ്സിറ്റി, പി.എസ്.സി പരീക്ഷാ, നിയമന ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എൻ.ഡി.എ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കേന്ദ്രീകരിച്ച ഘടകകക്ഷികൾ പാളയത്ത് സംഗമിച്ച ശേഷം നടത്തിയ മാർച്ച് എൻ.ഡി.എയുടെ ശക്തിപ്രകടനമായി.

യൂണിവേഴ്സിറ്റി കോളേജിൽ ഒരു കൊടിയും ഒരു സ്വരവും മതിയെന്ന കല്പന എവിടെ നിന്നു വന്നുവെന്ന് ശ്രീധരൻ പിള്ള ചോദിച്ചു. ഈ കോളേജിലെ കഴിഞ്ഞ 30 വർഷക്കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തിയാൽ കൈവിലങ്ങ് വീഴുക സി.പി.എം, കോൺഗ്രസ് നേതാക്കളുടെ കൈകളിലായിരിക്കും. പിണറായി ഭരണത്തിൽ അങ്ങേയറ്റത്തെ ഗതികേടിലാണ് സി.പി.ഐ. കൊച്ചിയിൽ എം.എൽ.എ അങ്ങോട്ടുപോയി അടിവാങ്ങിയെന്ന സംസ്ഥാന സെക്രട്ടറി കാനത്തിന്റെ പ്രസ്താവന ഇതിന് തെളിവാണ്. സി.പി.ഐ ഇങ്ങനെ അധഃപതിച്ചതിൽ ലജ്ജ തോന്നുന്നു. എ.ഐ.സി.സി പ്രസിഡന്റായി കേരളത്തിൽ നിന്ന് ഒരു കോൺഗ്രസ് നേതാവിനെ അയച്ചാൽ രാജ്യത്ത് കോൺഗ്രസ് ഇല്ലാതാവും. കെ.സി.വിയും പി.സി.വിയും കർണാടകത്തിൽ തിരഞ്ഞെടുപ്പ് ചുമതലക്കാരായി പോയതോടെ ലോക്സഭയിലെ അംഗസംഖ്യ ഒന്നായി ചുരുങ്ങി. സംസ്ഥാനത്തെ ഭരണവും നഷ്ടമായി. ആന്ധ്രയിലേക്ക് മറ്റൊരാൾ പോയപ്പോൾ കിട്ടിയത് ബിഗ് സീറോ. കേരളത്തിൽ കെട്ടുനാറിയ മുന്നണികൾക്ക് ബദലാവാൻ എൻ.ഡി.എയ്ക്ക് സാധിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

കോൺഗ്രസും കമ്യൂണിസ്റ്റു പാർട്ടികളും കേരളത്തിൽ ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി സുഭാഷ് വാസു പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗപ്പെടുത്തി പലരും പല സ്ഥാനങ്ങളിലും കടന്നു കയറിയിട്ടുണ്ട്. വേണ്ടിവന്നാൽ ഇവരെ കണ്ടെത്താൻ എൻ.ഡി.എയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒ. രാജഗോപാൽ എം.എൽ.എ, പി.സി. ജോർജ് എം.എൽ.എ, പി.സി. തോമസ് തുടങ്ങിയവരും പ്രസംഗിച്ചു. ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി.കെ. കൃഷ്ണദാസ് സ്വാഗതവും ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് നന്ദിയും പറഞ്ഞു. ബി.ജെ.പി നേതാക്കളായ എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, അബ്ദുള്ളക്കുട്ടി, ഘടകകക്ഷി നേതാക്കളായ വിഷ്ണുപുരം ചന്ദ്രശേഖരൻ, ഹരികുമാർ, എം. മെഹബൂബ്, കെ.കെ. പൊന്നപ്പൻ, കുരുവിള മാത്യു, വി.വി. രാജേന്ദ്രൻ, സുധീർ ജി. കല്ലിയൂർ തുടങ്ങിയവർ പങ്കെടുത്തു.