തിരുവനന്തപുരം: ജനഹൃദയങ്ങളിൽ ജീവിച്ച നേതാവാണ് പട്ടം താണുപിള്ളയെന്നും സ്വതന്ത്ര്യ സമരകാലത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. പട്ടം താണുപിള്ള സ്മാരക സമിതി പ്രസ് ക്ലബിൽ സംഘടിപ്പിച്ച പട്ടം താണുപിള്ള 49-ാം ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരരംഗത്ത് ധീരനായ പോരാളിയും കേരള രാഷ്ട്രീയത്തിലെ കരുത്തനായ നേതാവുമായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തെയും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഭരണ സംവിധാനത്തെയും ഒരുപേലെ പ്രതിനിധാനം ചെയ്ത നേതാവ് കൂടിയാണ്. നിർവഹിച്ച ചുമതലകളിലെല്ലാം ശോഭിക്കാൻ അദ്ദേഹത്തിനായി. ഭരണ നിർവഹണത്തിൽ സുപ്രധാന സ്ഥാനങ്ങളാണ് അദ്ദേഹം വഹിച്ചത്. ജനാധിപത്യത്തിന് അപമാനകരമായ കാര്യങ്ങളാണ് ഇന്ന് രാജ്യത്ത് പല സംസ്ഥാനങ്ങളിലും നടക്കുന്നത്. ഇതെല്ലാം കാണുമ്പോഴാണ് പട്ടം താണുപിള്ളയടക്കമുള്ള പഴയകാല നേതാക്കൻമാരെ നാം ഓർക്കേണ്ടത്. സംസ്ഥാനത്ത് കൂട്ടുകക്ഷി സംവിധാനത്തെ ഫലപ്രദമായി ഉപയോഗിച്ച ആദ്യനേതാക്കളിലൊരാൾ പട്ടമാണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. മോഹൻകുമാർ പറഞ്ഞു. പട്ടം താണുപിള്ള സ്മാരക സമിതി പ്രസിഡന്റ് കൈമനം പ്രഭാകരൻ അദ്ധ്യക്ഷനായി. മാദ്ധ്യമപ്രവർത്തകരായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, കെ.ജി. പരമേശ്വരൻ നായർ തുടങ്ങിയവർ സംസാരിച്ചു.