തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളിലേക്ക് സി.പി.എം കടക്കുന്നു.
ബൂത്ത് സെക്രട്ടറിമാർ വരെയുള്ളവരെ പങ്കെടുപ്പിച്ചുള്ള മണ്ഡലം ശില്പശാലകൾ ആറിടത്തും ആഗസ്റ്റ് രണ്ട് മുതൽ എട്ട് വരെ നടക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ വിലയിരുത്തലുകളും മണ്ഡലത്തിൽ ആവിഷ്കരിക്കേണ്ട തന്ത്രങ്ങളുമാകും ഏകദിന ശില്പശാലകൾ ചർച്ച ചെയ്യുക.
വട്ടിയൂർക്കാവ്, കോന്നി, പാലാ, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾ മിക്കവാറും ഒക്ടോബറിൽ നടക്കാനുള്ള സാദ്ധ്യതയാണ് കാണുന്നത്. പാലായിൽ എൻ.സി.പിയും മറ്റ് മണ്ഡലങ്ങളിൽ സി.പി.എമ്മുമാണ് കഴിഞ്ഞ തവണ മത്സരിച്ചത്. പാലാ സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന് നൽകുന്നത് നന്നാവുമെന്ന ചർച്ചകൾ മുന്നണി കേന്ദ്രങ്ങളിലുണ്ടെങ്കിലും, എൻ.സി.പിക്ക് അവകാശപ്പെട്ട സീറ്റിനായി വാദമുയർത്തുന്നത് ശരിയല്ലെന്നാണ് അവരുടെ പക്ഷം. അതേ സമയം, കേരള കോൺഗ്രസ് - മാണി ഗ്രൂപ്പിലുണ്ടായ പിളർപ്പും ഏറ്റവുമൊടുവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊലിയുണ്ടായ തർക്കത്തിൽ ജോസഫ് ഗ്രൂപ്പ് ഇടഞ്ഞുനിൽക്കുന്നതുമെല്ലാം സി.പി.എം നേതൃത്വം ശ്രദ്ധാപൂർവം വീക്ഷിക്കുന്നു. പാലായിൽ നിലപാട് കടുപ്പിക്കുമെന്ന് ജോസഫ് പ്രഖ്യാപിച്ചിരിക്കുന്നു. ഇതെല്ലാം കാത്തിരുന്ന് കാണുകയാണ് സി.പി.എമ്മും ഇടതുനേതൃത്വവും.
ആറ് മണ്ഡലങ്ങളിലും ആ മണ്ഡലങ്ങളുൾപ്പെട്ട ജില്ലയിൽ നിന്നുള്ള സംസ്ഥാനകമ്മിറ്റി അംഗങ്ങൾക്ക് പ്രവർത്തനമേൽനോട്ട ചുമതല സി.പി.എം കൈമാറിക്കഴിഞ്ഞിട്ടുണ്ട്. വോട്ടർപട്ടിക പരിശോധനയുൾപ്പെടെ നടന്നുവരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ, ജനകീയബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കളുടെ ഗൃഹസന്ദർശന പരിപാടി സംസ്ഥാനത്തെല്ലായിടത്തും നടന്നുവരുന്നുണ്ട്.
ഇടതുമുന്നണി ആഗസ്റ്റ് ആറിന് കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധമാർച്ച് നിശ്ചയിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനക്ഷമത പരിശോധിക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനുമുള്ള പൂർണദിവസ ഇടതുമുന്നണി യോഗം ചേരും. എറണാകുളത്തെ ലാത്തിച്ചാർജ് വിഷയം കൂടുതൽ വഷളാകാതിരിക്കാൻ സി.പി.എം നേതൃത്വം ജാഗ്രത കാട്ടുന്നതും ഉപതിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ്.