തിരുവനന്തപുരം: തലസ്ഥാനത്തെ തട്ടുകടക്കാരനെ മർദ്ദിച്ച, മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ നാല് പൊലീസുകാർക്ക് പേരൂർക്കട എസ്.എ.പി ക്യാമ്പിൽ ഒരാഴ്ചത്തെ ശിക്ഷാ പരേഡ്. ജൂൺ 3ന് രാത്രിയിലായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിൽ എത്തിയ പൊലീസുകാർ ഭക്ഷണം ഓർഡർ ചെയ്ത് കാത്തുനിൽക്കുന്നതിനിടെ തട്ടുകടക്കാരനുമായി തർക്കമുണ്ടാവുകയും മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു. തട്ടുകടയിലെ സാധനങ്ങൾ ഇവർ വാരിവലിച്ചിട്ടു. മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാരാണ് തങ്ങളെന്നും തട്ടുകട പൂട്ടിക്കുമെന്നും പറഞ്ഞ് കടയുടമയെ ഭീഷണിപ്പെടുത്തി. പക്ഷേ, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് നഷ്ടപരിഹാരം വാങ്ങി നൽകി കേസില്ലാതെ സംഭവം ഒത്തുതീർപ്പാക്കുകയായിരുന്നു. പരാതിക്കാരനെ മ്യൂസിയം സ്റ്റേഷനിൽ വിളിച്ചുവരുത്തി പരാതിയില്ലെന്ന് എഴുതി വാങ്ങി. മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ ഒരു പൊലീസുകാരനും ഈ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു. ഇക്കാര്യങ്ങൾ സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് ചെയ്തതോടെയാണ് നടപടിയുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റിപ്പോർട്ട് നൽകിയെങ്കിലും ഉടൻ നടപടിയെടുത്താൽ വിവാദമാകുമെന്നതിനാൽ വൈകിപ്പിച്ചു. കഴിഞ്ഞദിവസമാണ് ഇവർക്ക് ഒരാഴ്ചത്തെ ശിക്ഷാ പരേഡ് നൽകിയത്. ഉത്തരവിൽ കാരണം വ്യക്തമാക്കിയിട്ടില്ല. രണ്ടു പേർ ഇന്ത്യാ റിസർവ് ബറ്റാലിയനിലും രണ്ടു പേർ സിറ്റി എ.ആർ ക്യാമ്പിലും ഉൾപ്പെട്ടവരാണ്.