വെള്ളറട: നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടാകുന്ന വർദ്ധനവ് കുടുംബബജറ്റുകൾ താളം തെറ്റിക്കുന്നു.ഇപ്പോഴേ ഈ രീതിയിലാണ് വിലക്കയറ്റമെങ്കിൽ ഓണമെത്തുമ്പോഴേക്കും വില ഇതിലും വർദ്ധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

അതിർത്തി ഗ്രാമങ്ങളിൽ പോലും സാധനങ്ങളുടെ വില ദിനംപ്രതി കൂടുകയാണ്.ഇന്ധനവില വർദ്ധിച്ചതോടുകൂടിയാണ് സാധനങ്ങളുടെ വില കൂടിയതെന്നാണ് കച്ചവടക്കാരുടെ പരാതി.

ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വിലയിൽ ക്രമാതീതമായ വർദ്ധനവാണ് കാണുന്നത്. അതിർത്തിയിൽ പലചരക്ക് സാധനങ്ങൾക്കും പച്ചക്കറിക്കും പൊള്ളുന്ന വിലയാണ് വ്യാപാരികൾ ഈടാക്കുന്നത്.

പച്ചക്കറിക്കും പലചരക്ക് സാധനങ്ങൾക്കും വില വർദ്ധിച്ചതോടെ ഹോട്ടലുകളിൽ ഊണിനും വിലകൂട്ടി.

ഗ്രാമങ്ങളിൽ 40 നും 50 നും ലഭിച്ചിരുന്ന ഉൗണിന് ഇപ്പോൾ 60,70 രൂപ നൽകണം.ഇതോടെ തൊഴിലാളികൾക്കും തിരിച്ചടിയായി. ഹോട്ടലുകളിൽ പോയി ആഹാരം കഴിക്കാനാകാത്ത അവസ്ഥയാണിപ്പോൾ.വില നിയന്ത്രണ സംവിധാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ വില ഇതിലും വർദ്ധിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.ഇതോടെ ഓണവിപണിയിലേയ്ക്ക് സാധാരണക്കാരന് അടുക്കാനാകാത്ത അവസ്ഥയുണ്ടാകുമെന്നതിൽ സംശയമേ വേണ്ട.

മറ്റിടങ്ങളെ അപേക്ഷിച്ച് അതിർത്തി ഗ്രാമങ്ങളിൽ വിലയിൽ പൊതുവെ വലിയ കുറവാണുണ്ടാകുന്നത്.എന്നാൽ ഇത്തവണ വില കൂടുന്ന അവസ്ഥയാണ് അനുഭവപ്പെടുന്നത്.പച്ചക്കറിമുതൽ പലതിനും വില കൂടുകയാണ്.

കന്നുകാലികൾക്ക് വാങ്ങുന്ന കാലിത്തീറ്റകൾക്കും കാര്യമായി വില വർദ്ധിച്ചു.

1700 രൂപയ്ക്ക് ലഭിക്കുമായിരുന്ന 50 കിലോയുടെ ഒരുചാക്ക് തീറ്റയ്ക്ക് ഇപ്പോൾ 2000 രൂപയാണ് വില. 300 രൂപയാണ് വർദ്ധിച്ചത്. അരിക്കും വെളിച്ചെണ്ണ, പഞ്ചസാര , സവാള, ഉരുളകിഴങ്ങ്, എനിവയ്ക്കും കിലോയിൻമേൽ 10 രൂപയുടെ വർദ്ധനവുണ്ട്.

പലചരക്കു സാധനങ്ങൾക്ക് ഒപ്പം പച്ചക്കറിയുടെ യും വില വർദ്ധിച്ചത് കാരണം ഭക്ഷണ പദാർത്ഥങ്ങൾക്ക് വില വർദ്ധിപ്പിക്കാതിരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. വിലവർദ്ധനവിന്റെ പേരിൽ തോന്നിയതുപോലെയാണ് വില ഈടാക്കുന്നത്. വില വിവര പട്ടികകൾ പോലും കടകളിൽ പ്രദർശിപ്പിച്ചിട്ടില്ല.