വെള്ളറട: ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്ന ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഭക്ഷണം നൽകാണ് ഭക്ഷ്യസുരക്ഷാനിയമം നിലനിൽക്കുന്നത്. എന്നിട്ടും മലയോര മേഖലകളിൽ വകുപ്പിന്റെ പരിശോധന നടക്കാറില്ലെന്നാണ് വ്യാപകമായ പരാതി. ഏതു പഴകിയ പദാർത്തങ്ങളും വിൽക്കാം എന്ന എവസ്ഥയാണ് നിലവിൽ. മുൻകാലങ്ങളിൽ വല്ലപ്പോഴെങ്കിലും ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ ആരോഗ്യവകുപ്പിന്റെ പരിശോധനയും നിലച്ചു. ഇതോടെ ഏത് പഴകിയ വസ്തുവും വിൽക്കാമെന്നായി.
മലയോര മേഖലകളിലെ മത്സ്യ മാർക്കറ്റുകളിൽ കച്ചവടം ചെയ്യുന്ന മത്സ്യങ്ങളിൽ കൂടുതലും അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ളതാണ്. യാതോരു ശീതീകരണ സംവിധാനങ്ങളുമില്ലാതെയാണ് ദിവസങ്ങൾ പഴക്കമുള്ള മത്സ്യങ്ങൾ ഇവിടുത്തെ മാർക്കറ്റുകളിൽ എത്തുന്നത്. എന്നാൽ ഇതൊന്നും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് പരാതി. അടുത്തകാലത്ത് വില്പനയ്ക്ക് എത്തിയ ചില മത്സ്യങ്ങൾ കഴിച്ച് നിരവധിപേർ ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും ഭക്ഷ്യ സുരക്ഷ വിഭാഗം ഇതൊന്നും കാണുന്നില്ല. പരാതിപെട്ടാൽ ജീവനക്കാരുടെ കുറവാണ് കാര്യമായ പരിശോധന നടത്താൻ കഴിയാത്തതെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ബന്ധപ്പെട്ടവർ പറയുന്നത്.