തിരുവനന്തപുരം: 'സി.പി.ഐ സഖാക്കൾക്ക് അടി കിട്ടിയാലത് ഞങ്ങൾക്ക് കിട്ടുന്നത് പോലെയാണ്. സി.പി.എമ്മും സി.പി.ഐയും സഹോദര പാർട്ടികളാണ്. ഞങ്ങൾ തമ്മിൽ നല്ല സഹകരണവുമാണ്."- ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സി.പി.എം- സി.പി.ഐ ബന്ധത്തിൽ വിള്ളലുണ്ടാക്കാനാവില്ല. നിങ്ങൾ (മാദ്ധ്യമങ്ങൾ) വിചാരിച്ചാൽ തകരുന്നതല്ല ആ ബന്ധം. എവിടെയെങ്കിലും പ്രാദേശികമായി തർക്കമുണ്ടായാൽ ചർച്ചയിലൂടെ പരിഹരിക്കും. അതുകൊണ്ട് നിങ്ങൾ വച്ചിരിക്കുന്ന വെള്ളം ചൂടാകാൻ പോകുന്നില്ല. സി.പി.ഐ നേതാക്കൾക്ക് നേരെയുണ്ടായ ലാത്തിച്ചാർജ് നിർഭാഗ്യകരമാണ്. സർക്കാർ ഇക്കാര്യത്തിൽ തക്കസമയത്ത് ഇടപെട്ടു. കാനം രാജേന്ദ്രൻ സന്ദർഭത്തിനനുസരിച്ച് ശരിയായ നിലപാടെടുത്തപ്പോൾ അദ്ദേഹത്തെ അപഹസിക്കുകയാണ്. സി.പി.എമ്മിനകത്തുള്ള ഞാൻ സി.പി.എമ്മിനെതിരെ പറഞ്ഞാൽ നിങ്ങൾ വെണ്ടയ്ക്കായിൽ കൊടുക്കും. അനുകൂലമായി പറഞ്ഞാൽ ചെറിയ വാർത്ത കൊടുക്കും. കാനം നിങ്ങൾ പ്രതീക്ഷിച്ചത് പോലെ പറഞ്ഞില്ല. അതുകൊണ്ട് ഏറ്റവും മോശക്കാരനായി ചിത്രീകരിക്കുകയാണ്.
ജനങ്ങളുടെ പാർട്ടിയാണ് സി.പി.എം. അതുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടുകൊണ്ട് അവരുടെ വികാരങ്ങളും വിചാരങ്ങളും മനസിലാക്കി പ്രവർത്തിക്കാൻ പാർട്ടി സന്നദ്ധമാകുമെന്നും കോടിയേരി പറഞ്ഞു.
അതേസമയം, ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം കാര്യമായി ചർച്ചയായില്ലെന്നാണ് വിവരം. എം.എൽ.എയ്ക്ക് നേരെ പൊലീസ് മർദ്ദനമുണ്ടായത് നീതീകരിക്കാനാവില്ലെന്ന അഭിപ്രായമുണ്ടായി. അതുകൊണ്ടാണ് വിഷയം ഗൗരവത്തോടെ എടുത്ത് കളക്ടറോട് അന്വേഷണത്തിന് മുഖ്യമന്ത്രി നിർദ്ദേശിച്ചതെന്ന് നേതൃത്വം വിശദീകരിച്ചു. സാധാരണ ഇത്തരം സംഭവങ്ങളിൽ ആർ.ഡി.ഒയുടെ റിപ്പോർട്ടാണ് തേടാറ്.