തിരുവനന്തപുരം: ആറ്റിങ്ങലിലും കോഴിക്കോട്ടുമായി 21.4 ലക്ഷത്തിന്റെ കള്ളനോട്ടുകളും നോട്ടുനിർമാണ സാമഗ്രികളും കണ്ടെത്തിയ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തേക്കും. കോഴിക്കോട് ഫറോക്കിലും കുന്ദമംഗലത്തും നടത്തിയ പരിശോധനയിൽ 14.9 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടും നോട്ടു നിർമാണ സാമഗ്രികളും ആറ്റിങ്ങലിൽ നിന്ന് 6.5 ലക്ഷം രൂപയുടെ കള്ളനോട്ടുമാണ് പിടികൂടിയത്. 5 പേരെയാണ് അറസ്റ്റുചെയ്തത്.
സംസ്ഥാന പൊലീസിൽ നിന്ന് എൻ.ഐ.എ വിവരം ശേഖരിക്കും. കള്ള നോട്ടുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായ ശേഷമാകും എൻ.ഐ.എ കേസ് ഏറ്റെടുക്കുക. 10 ലക്ഷത്തിനു മുകളിലുള്ള കള്ളനോട്ട് കേസുകൾ സ്വമേധയാ ഏറ്റെടുക്കാൻ എൻ.ഐ.എയ്ക്ക് അധികാരമുണ്ട്.
കള്ളനോട്ട് അടിച്ചു വിതരണം ചെയ്യുന്ന ശൃംഖല സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്നത് കണ്ടെത്തുകയും കള്ളനോട്ട് അടിക്കുന്ന യന്ത്രം ഉൾപ്പെടെ പിടിച്ചെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് എൻ.ഐ.എ കേസ് ഏറ്റെടുക്കുന്നത്. മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലും കള്ളനോട്ട് വിതരണം ചെയ്തതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കള്ളനോട്ട് കേസ് വിവിധ ജില്ലകളിലായി കിടക്കുന്ന സാഹചര്യത്തിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. നിലവിൽ ആറ്റിങ്ങൽ, കോഴിക്കോട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
കേസിലെ മുഖ്യപ്രതി കോഴിക്കോട് സ്വദേശി ഷെമീർ മൂന്നു മാസത്തെ പരിശ്രമത്തിനൊടുവിലാണ് കള്ളനോട്ട് തയ്യാറാക്കിയതെന്ന് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ജില്ലകളിലെ വിതരണക്കാരെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഒരു ലക്ഷം കൊടുത്താൽ
മൂന്നിരട്ടി തിരികെ
1.10 ലക്ഷം രൂപയുടെ യഥാർത്ഥ നോട്ട് നൽകിയാൽ മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ട് തിരികെ നൽകുന്നതായിരുന്നു സംഘത്തിന്റെ രീതി. വിതരണം ചെയ്യുന്ന ഏജന്റിന് ഇരുപത്തയ്യായിരം രൂപ കമ്മിഷൻ നൽകും. റിമാൻഡിലായ അഞ്ച് പ്രതികളെയും ഉടൻ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇതേക്കുറിച്ച് അന്വേഷിക്കും. രണ്ട് ദിവസത്തിനകം അന്വേഷണപുരോഗതി റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം റൂറൽ എസ്.പിയോടും കോഴിക്കോട് കമ്മിഷണറോടും ഡി.ജി.പി നിർദ്ദേശിച്ചു.
അയൽ സംസ്ഥാനങ്ങളിലും
കണ്ണികൾ
കള്ളനോട്ട് സംഘത്തിൽ ഇതര സംസ്ഥാനക്കാരും കണ്ണികളെന്ന് പൊലീസ് സംശയിക്കുന്നു. മുഖ്യപ്രതി ഷമീറിന് ബംഗളൂരുവിലും ചെന്നൈയിലും ബന്ധങ്ങളുള്ളതായി കണ്ടതോടെ ഇവിടേക്കും അന്വേഷണം വ്യാപിപ്പിക്കും. കമ്മിഷൻ വ്യവസ്ഥയിൽ കള്ളനോട്ട് വിതരണം ചെയ്ത സംസ്ഥാനത്തെ കൂടുതൽ ഏജൻസികളെക്കുറിച്ചും അന്വേഷണം തുടങ്ങി. നോട്ടടിക്കാനുള്ള ഉപകരണങ്ങൾ ഷമീറിന് ലഭിച്ചത് ബംഗളൂരുവിൽ നിന്നാണെന്നാണ് മൊഴി. ചെന്നൈയിൽ ഉൾപ്പെടെ സുഹൃത്തുക്കളുള്ളതായും തെളിവ് ലഭിച്ചു.