july26d

ആ​റ്റിങ്ങൽ: പൊലീസ് പിടിച്ചെടുത്ത തൊണ്ടി വാഹനങ്ങൾ മാ​റ്റാത്തതിനാൽ ആ​റ്റിങ്ങൽ സബ് രജിസ്ട്രാർ ഓഫീസിലെ ചു​റ്റുമതിൽ നിർമ്മാണം അവതാളത്തിലായി. ഇനിയും വാഹനങ്ങൾ മാറ്റിയില്ലെങ്കിൽ നിർമ്മാണം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ വർഷങ്ങളായി സബ് രജിസ്ട്രാർ ഓഫീസ് മതിലിനോട് ചേർത്താണ് ഇട്ടിരിക്കുന്നത്. ഇതുകാരണം മതിലിന് ബലക്ഷയം സംഭവിച്ച് പൂർണമായും ഇടിഞ്ഞു വീഴുന്ന സ്ഥിതിയായി. സബ് രജിസ്ട്രാർ ഓഫീസിന്റെ അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ടാണ് മതിൽ നിർമ്മാണവും ആരംഭിച്ചത്. തൊണ്ടി വാഹനങ്ങൾ മാറ്റാൻ പലകുറി ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ല.ഓഫീസിലെ റിക്കാർഡ് റൂമിനു ചേർന്നുള്ളമ തിലാണ് വാഹനങ്ങൾ മാറ്റാത്തത് കാരണം നിർമ്മാണം മുടങ്ങിയിരിക്കുന്നത്. മതിൽ പൂർണമാകാത്തതു കാരണം തെരുവ് നായ് ശല്യം ഓഫീസ് കോമ്പോണ്ടിൽ വർദ്ധിച്ചിരിക്കുകയാണ്. വാഹനങ്ങൾ മാ​റ്റുവാനായി ആറ്റിങ്ങൽ സബ് രജിസ്ട്രാർ പലവട്ടം പൊലീസ് അധികാരികൾക്ക് കത്ത് നൽകിയെങ്കിലും യാതൊരുനടപടിയും ഉണ്ടാകാത്തതിനാലാണ് നിർമ്മാണം ഉപേക്ഷിക്കേണ്ടി വരുന്നത്.