guruprakasham

നിറപ്പകിട്ടുള്ള ജീവിതമാണ് പലരും ആഗ്രഹിക്കുന്നത്. ജീവിതത്തിനു നിറം പകരുന്നത് യോഗ്യതകളും സമ്പാദ്യങ്ങളും സ്ഥാനമാനങ്ങളും ബന്ധങ്ങളുമൊക്കെയാണെന്നാണ് പൊതുവിലുള്ള വിചാരം. ജീവിതത്തിന്റെ നിറംകെടുത്തുന്നത് ഇപ്പറഞ്ഞവയുടെയെല്ലാം കുറവുകളാണെന്നും വിചാരിക്കുന്നു. ഇത്തരം വിചാരങ്ങളുടെ തെറ്റും ശരിയും കണ്ടെത്താനോ സമർത്ഥിക്കാനോ അല്ല മുതിരുന്നത്. മറിച്ച് ജീവിതമെന്നത് ഒരു നിറപ്പകിട്ടിനുള്ളതല്ലെന്ന സത്യത്തെക്കുറിച്ച് വീണ്ടുവിചാരം നടത്താൻ അവസരമൊരുക്കാനാണ്.


എന്തെല്ലാം നമുക്ക് സ്വന്തമായിരുന്നാലും അന്യമായിരുന്നാലും നമ്മുടെ ജീവിതത്തിന് നിറം പകരുന്നതും കെടുത്തുന്നതും ജീവിതത്തിന് അലങ്കാരമോ പൊലിമയോ തീർക്കുന്നതും അതില്ലാതാക്കുന്നതും നമ്മുടെ വൈകാരികതകളാണ്. ഒരു അനുഭവത്തിന് മുൻപും പിൻപും അതിനോടു ചേർന്നുമുള്ള അന്തക്കരണങ്ങളുടെ വൈവിദ്ധ്യനിലകളാണ് വികാരങ്ങളെ സൃഷ്ടിക്കുന്നത്. മനസ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിവയാണ് അന്തക്കരണങ്ങൾ. ഇവയുടെ യോജിപ്പും വിയോജിപ്പുമാണ് ഏതൊരു ജീവിതത്തിനും നിറപ്പകിട്ടേകുന്നതും സ്വച്‌ഛതയ്‌ക്കുള്ള ഇമ്പം ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും . അതുകൊണ്ട് ഈ നാലു കരണങ്ങളും തികഞ്ഞ പാരസ്‌പര്യത്തോടെ വർത്തിച്ചാൽ മാത്രമേ ഒരുവനു ജീവിതം ശാന്തവും സന്തോഷവും നിറഞ്ഞതാവൂ. അതിനാൽ അന്തക്കരണങ്ങളുടെ പാരസ്‌പര്യം ഉണ്ടാക്കാനാണ് ഏതൊരാളും ശ്രദ്ധിക്കേണ്ടത്.


മനുഷ്യൻ എപ്പോഴും വ്യവഹാരബന്ധമുള്ളവനായി ജീവിക്കാൻ ഇഷ്‌ടപ്പെടുന്നതിനാൽ അവൻ സാധനയെക്കാൾ സാധനങ്ങൾക്കാണ് (വിഷയങ്ങൾക്കാണ്) പ്രാധാന്യം നൽകുന്നത്. ജീവിതത്തിന്റെ പാതയും പരിധിയും നിർണയിക്കുന്നതിൽ പ്രധാനം വിഷയങ്ങളാണെന്ന ധാരണ കൊണ്ടാണത്. വിഷയങ്ങൾക്കൊരിക്കലും നമ്മെ നാമാക്കാനാവില്ല എന്നതാണു വാസ്‌തവം. വിഷയങ്ങൾക്ക് നമ്മെ ഉന്നതസ്ഥാനമാനങ്ങളിലേക്ക് നയിക്കാൻ കഴിഞ്ഞേക്കും. അതെല്ലാം ഒരുതരത്തിൽ ഔപചാരികമായും ഔദ്യോഗികമായും സംഭവിക്കുന്നതാണ്. എന്നാൽ ഇതു രണ്ടും സ്ഥിരതയില്ലാത്ത ഒരു അച്ചുതണ്ടിൽ കോർക്കപ്പെട്ടതാണ്. അതുകൊണ്ടാണ് ഒരുവനു എത്ര വലിയ സ്ഥാനത്തേക്കുയരാൻ കഴിഞ്ഞാലും ഒരുനാൾ ആ നിലയിൽ നിന്നും ഒഴിയേണ്ടി വരുന്നത്. അന്തക്കരണശുദ്ധിക്കും അവയുടെ പാരസ്‌പര്യത്തിനും ഇത്തരം ഉയർച്ചകൾ പ്രയോജനരഹിതമാണ്.


നമ്മൾ നമ്മിലേക്കു മറയില്ലാതെ ചേരുമ്പോഴാണു അന്തക്കരണ പാരസ്‌പര്യം സാദ്ധ്യമാകുന്നത്. എന്നാൽ നമ്മളെല്ലാം എല്ലായ്‌പ്പോഴും അന്യമായവയുമായി അഥവാ നമ്മളെ മറച്ചു നിൽക്കുന്നവയുമായി വ്യവഹരിക്കുകയാണ്. ജീവിതത്തിന്റെ നിലനില്‌പിനു ചില വ്യവഹാരങ്ങൾ അനിവാര്യമാണ്. അതിനാൽ അങ്ങനെയുള്ളവയിലേക്കു മാത്രം വ്യവഹാരങ്ങളെ ഒതുക്കുകയും നമ്മെ പൂർണമായും മറയ്‌ക്കാത്ത നിലയിൽ അത് നിർവഹിക്കുകയും ചെയ്‌താൽ നമുക്ക് നമ്മിലുണ്ടാകുന്ന അന്യവത്‌കരണത്തിന്റെ അകലം കുറയ്‌ക്കാനാകും.


അന്യവത്‌കരണമാണ് ഒരുവനിൽ വികാരപരതയുടെ വേലിയേറ്റങ്ങളുണ്ടാക്കുന്നത്. ഭയവും സങ്കടവും ഉത്കണ്ഠയും വൈരവും ക്ഷോഭവുമെല്ലാം സ്വയമേവയുള്ള അന്യവത്‌കരണത്തിന്റെ പാർശ്വഫലങ്ങളാണ്. എന്നാൽ നമ്മളെല്ലാം പിറവി കൊണ്ടിട്ടുള്ളത് ഈശ്വരീയതയുടെ അനന്യതയിലാണ്. അതായത് അവിടെ അന്യമായത് എന്ന ഭാവം ഇല്ല. അതിനുള്ള ദൃഷ്‌ടാന്തമാണ് ശിശുവിന് ഒരു തരത്തിലുമുള്ള ശത്രുതയോ വിവേചനമോ ഭയമോ ഉത്കണ്‌ഠയോ ഇല്ലാതെയിരിക്കുന്നത്. പുല്ലും പൂവും പുഴുവും പുഞ്ചിരിയും കുഞ്ഞിന് ഒരുപോലെയാണ്. വീണുപോകുമോ എന്ന ഭയമില്ലാതെയാണ് അവൻ ഇഴയുന്നതും എഴുന്നേൽക്കുന്നതുമെല്ലാം. എന്നാൽ അവൻ വളർന്നു വരുന്നതോടെ ഈശ്വരീയമായ അനന്യതയിൽ നിന്നും അന്യതയിലേക്ക് പ്രവേശിക്കുന്നു. തന്നെ വളർത്തുന്നവരിലുള്ള അന്യതയും ചുറ്റുപാടുകളുടെ വൈവിദ്ധ്യങ്ങളും കണ്ടുംകേട്ടും വളരുന്നതു കൊണ്ടാണ് ഓരോ കുഞ്ഞിലും ഈ മാറ്റങ്ങൾ സംഭവിക്കുന്നത്. ഇങ്ങനെ ബാല്യത്തിൽത്തന്നെ കയറിക്കൂടുന്ന അന്യത വൈകാരികതയുടെ ചെറുവിത്തുകളായി അവനിൽ മറഞ്ഞുകിടക്കും. പിന്നീട് സാഹചര്യത്തിനൊത്ത് മുളച്ചുപൊന്തുകയും ചെയ്യും. അങ്ങനെ അവൻ ജീവിതത്തിൽ മുഴുവനായും അന്യതയിലും വൈകാരികതയിലുമായി അകപ്പെട്ടുപോകുന്നു.
പഠിക്കുമ്പോഴും പരീക്ഷയെഴുതുമ്പോഴും ഉദ്യോഗാർത്ഥിയായി അഭിമുഖങ്ങളിൽ ഹാജരാകുമ്പോഴും തോൽക്കുമോ എന്നുള്ള ഭയം, ജയിച്ചാൽത്തന്നെ ഉന്നതവിജയം കിട്ടുമോ എന്നുള്ള ഭയം, വാഹനമോടിക്കുമ്പോഴും അപരിചിത സാഹചര്യങ്ങളിൽ ഇടപെടുമ്പോഴും ആപത്ത് സംഭവിക്കുമോ എന്ന് ഭയം, മേലുദ്യോഗസ്ഥന്റെ അപ്രീതിയുണ്ടാകുമോ എന്നുള്ള ഭയം, കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടുപോകുമോ എന്ന ഭയം, എല്ലാത്തിനുമൊടുവിൽ ഈശ്വരൻ തന്നെ രക്ഷിക്കാതിരിക്കുമോ എന്നുള്ള ഭയം, ഇങ്ങനെ ഭയങ്ങളും ആശങ്കകളും ജീവിതാന്ത്യംവരെ അവനെ വിട്ടുപിരിയാതെ പിന്തുടരുന്നു.


ഈശ്വരന്റെ അനന്യതയിലാണ് താൻ പിറവികൊണ്ടതെന്നും, ആ അനന്യതയുടെ ഈശ്വരനാണു തന്നിലിരിക്കുന്ന പ്രാണനെ തെളിച്ചുവച്ചിരിക്കുന്നതെന്നും ഭയപ്പെടുത്തുന്ന സാഹചര്യങ്ങളിലെല്ലാം അഭയത്തിന്റെ ചിന്മുദ്ര‌യായി അനന്യതയുടെ മൂർത്തി പ്രകാശിക്കുന്നുണ്ടെന്നും, വിസ്‌മരിക്കാതിരിക്കുന്നവനാണ് വൈകാരികതകളുടെ വേലിയേറ്റങ്ങളില്ലാത്ത, നിറപ്പകിട്ടില്ലാത്ത ജലം പോലെ ജീവിതത്തെ ശുദ്ധവും സ്വച്‌ഛവുമാക്കി നിലനിറുത്താനാവുന്നത്. ഈ സത്യത്തിന്റെ തെളിച്ചമാണ് 'ദൈവത്തെ മറയില്ലാതെ അനുഭവിക്കാൻ കഴിയുന്ന ഒരുവനു പകരക്കാരനില്ല' എന്ന് ഗീതാഞ്ജലിയിൽ ടാഗോർ പറഞ്ഞിരിക്കുന്നതും.


ഭയം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ഗുരുദേവൻ ഒരാളോട് ചോദിക്കുകയുണ്ടായി. അതിന് 'അറിയില്ല' എന്ന മറുപടി പറഞ്ഞപ്പോൾ ആലോചിക്കാഞ്ഞിട്ടാണ് എന്നു പറഞ്ഞുകൊണ്ട് തൃപ്പാദങ്ങൾ തന്നെ അതിനുത്തരം പറഞ്ഞു കൊടുത്തു.
"രണ്ട് ഉള്ളതുകൊണ്ടാണ് ഭയം. തന്നത്താൻ ആരും ഭയപ്പെടുകയില്ലല്ലോ. അപ്പോൾ ഭയമുണ്ടാകണമെങ്കിൽ തന്നിൽ നിന്ന് അന്യമായിട്ട് ഒന്നുവേണം. ആ അന്യമാണ് രണ്ട്. താൻ മാത്രമേ ഉള്ളൂവെങ്കിൽ പിന്നെ ആരെ ഭയപ്പെടണം. മനസിലായോ? "
നമ്മൾ പിറവിയെടുത്ത ഈശ്വരീയമായ അനന്യതയിൽ ജീവിതമെന്ന ചെടിയെ ഉറപ്പിച്ചു നിറുത്തിയാൽ അന്യതയും അതുണ്ടാക്കുന്ന ഭയങ്ങളും നമ്മെ ബാധിക്കില്ല. അപ്പോഴാണ് വികാരങ്ങൾക്ക് അടിമപ്പെടാത്ത നിറപ്പകിട്ടിന്റെ അലങ്കാരങ്ങളില്ലാത്ത ശുദ്ധമായൊരു ഉത്കൃഷ്‌ടജീവിതം നമുക്കുണ്ടാവുന്നത്.