തിരുവനന്തപുരം: കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ തിരുപുറം പുത്തൻകട ജോയ് ഭവനിൽ രാജന്റെ മകൾ രാഖി മോളെ (30), കഴിഞ്ഞ ഫെബ്രുവരിയിൽ എറണാകുളത്തു വച്ച് അഖിൽ വിവാഹം ചെയ്തതായി പൊലീസ് പറഞ്ഞു.
ഫെബ്രുവരി 15ന് ഇരുവരും വീട്ടുകാരറിയാതെ എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. കറുത്ത ചരടിൽ താലികെട്ടി, ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിക്കുകയായിരുന്നു. അതിനിടെ,അഖിലിന് അന്തിയൂർക്കോണം സ്വദേശിയായ മറ്രൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച കാര്യം രാഖി അറിഞ്ഞു. വിവാഹം നടക്കാതിരിക്കാൻ രാഖി പല രീതിയിലും തടസങ്ങളുണ്ടാക്കി. ഇതേത്തുടർന്ന് അഖിലും സഹോദരൻ രാഹുലും സുഹൃത്ത് ആദർശും ഗൂഢാലോചന നടത്തി രാഖിയെ കൊലപ്പെടുത്തുകയായിരുന്നു. നെയ്യാറ്റിൻകര ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയിൽ പൂവാർ എസ്.എച്ച്.ഒ ബി.രാജീവ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
അമ്പൂരിയിൽ അഖിൽ നിർമ്മിച്ചു കൊണ്ടിരുന്ന വീടിന്റെ മുൻവശത്ത് പല ദിവസങ്ങളിലും പ്രതികൾ രാഖിയെ കൊലപ്പെടുത്താൻ, ഗൂഢാലോചന നടത്തി. വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത്, രാഖിയെ കൊലപ്പെടുത്തി മറവുചെയ്യാൻ കുഴിയെടുക്കുകയും അതിലിടാൻ ഉപ്പ് ശേഖരിച്ചുവയ്ക്കുകയും ചെയ്തു. എറണാകുളത്ത് ഏഷ്യാനെറ്റ് ബ്രോഡ്‌ബാൻഡിൽ ജോലിചെയ്തിരുന്ന രാഖി ജൂൺ 18ന് അവധിക്ക് വീട്ടിലെത്തി. 21ന് ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാനായി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്തിയ രാഖിയെ, പുതിയ വീട് കാട്ടിത്തരാമെന്ന് വിശ്വസിപ്പിച്ച് അഖിൽ കാറിൽ കയറ്റി അമ്പൂരി തട്ടാമുക്ക് ജംഗ്ഷനിലേക്ക് കൊണ്ടുവന്നു. രാത്രി എട്ടിന് വീടിന്റെ മുൻവശത്ത് കാർ എത്തിയപ്പോൾ രണ്ടാംപ്രതിയായ രാഹുൽ കാറിൽ പിൻസീറ്റിലിരുന്ന രാഖിക്ക് അടുത്തേക്ക് കയറിയിരുന്നു. ''എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടീ, നീ ജീവിച്ചിരിക്കണ്ടടീ.. '' എന്നു പറഞ്ഞ് രാഖിയുടെ കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഈ സമയം രാഖി ബഹളം വച്ചപ്പോൾ അഖിൽ കാർ സ്റ്റാർട്ട് ചെയ്ത് ഇരപ്പിച്ച് ശബ്‌ദമുണ്ടാക്കി. ബോധരഹിതയായ രാഖിയെ കൊലപ്പെടുത്താൻ അഖിൽ കാറിന്റെ പിൻസീറ്റിലേക്ക് കയറി. കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കയറുപയോഗിച്ച് കഴുത്തിൽ കുരുക്കിട്ടു. അഖിലും രാഹുലും ചേർന്ന് കയർ വലിച്ചുമുറുക്കി രാഖിയെ കൊലപ്പെടുത്തിയ ശേഷം ആദർശിന്റെ കൂടി സഹായത്തോടെ മൃതദേഹം, നേരത്തേ തയ്യാറാക്കിയിരുന്ന കുഴിക്ക് അരികിലെത്തിച്ചു. വസ്ത്രങ്ങൾ നീക്കംചെയ്ത ശേഷം മൃതദേഹം കുഴിയിലിട്ടു.മുകളിൽ ഉപ്പു വിതറിയശേഷം കുഴി മണ്ണിട്ടുമൂടി. രാഖിയുടെ വസ്ത്രങ്ങൾ തീവച്ച് നശിപ്പിച്ചു. കുഴിക്കു മുകളിൽ കമുകിൻ തൈ വച്ചു.