vellakkettu

കല്ലമ്പലം: ആഴാംകോണം - കവലയൂർ റോഡിൽ മണമ്പൂർ സ്കൂളിന് സമീപത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാവശ്യം ശക്തമാകുന്നു.

മഴ തീർന്നാലും ആഴ്ചകളോളം കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകൾ പെരുകുന്നുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കെട്ടിനിൽക്കുന്ന വെള്ളം കാൽനടയാത്രികരുടെ ദേഹത്ത്‌ തെറിച്ചു വീഴുന്നത് പതിവാണ്.

റോഡിൽ ഹബ് നിർമ്മിച്ചിട്ടുള്ളതിനാൽ ഇരുവശത്തായാണ് വെള്ളക്കെട്ടുള്ളത്. ചെറിയ മഴയിൽപ്പോലും റോഡിന്റെ പൊക്കമുളള ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം രണ്ടിടങ്ങളിലായി കെട്ടി നിൽക്കുകയാണ്. വെള്ളക്കെട്ടിലൂടെയാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്.

കുട്ടികളും അദ്ധ്യാപകരും വളരെ ബുദ്ധിമുട്ടിയാണ് സ്കൂളിലെത്തുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളിവെള്ളം തെറിച്ച് യാത്രക്കാരുടെ ദേഹത്തു വീഴുന്ന സംഭവത്തിൽ ഡ്രൈവർമാരുമായി വാക്കേറ്റവും കൈയാങ്കളിയും പതിവ് കാഴ്ചയാണ്. മാത്രവുമല്ല വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ മഴവെള്ളം സമീപത്തെ വീടുകളിലേക്കും ഒഴുകിയെത്തുന്നുണ്ട്. ഇത് വീട്ടുകാരെയും ബുദ്ധിമുട്ടിലാക്കുന്നു. അധികൃതരോട് പരാതി പറഞ്ഞു മടുത്ത വീട്ടുകാർ മഴയത്ത് ഇങ്ങനെ ഒലിച്ചിറങ്ങുന്ന വെള്ളവും ചെളിയും സ്വയം കോരിമാറ്റുകയാണ് ഇപ്പോൾ. കല്ലമ്പലം ഭാഗത്തേക്കും ആലംകോട് ഭാഗത്തേക്കും പോകുന്നവർക്ക് ഏറെ ബുദ്ധിമുട്ടാണ് വെള്ളക്കെട്ട്. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് ആയതിനാൽ മറ്റുവാഹനങ്ങളുടെ തിരക്കും കൂടുതലാണ്. മണമ്പൂർ, ഒറ്റൂർ പഞ്ചായത്തുകൾ, ഗവ. ആശുപത്രി, ബാങ്കുകൾ, ചന്ത എന്നിവിടങ്ങളിലേക്ക് പോകാൻ ജനം കൂടുതലായി ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. അടിയന്തരമായി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.