kiifb

തിരുവനന്തപുരം: ദേശീയപാത അതോറിട്ടിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കേരളത്തിന്റെ വിഹിതമായ 5400 കോടി രൂപ നൽകാൻ കിഫ്ബി സന്നദ്ധമായത് കേരളത്തിലെ ദേശീയപാത വികസനത്തിന് ആക്കം കൂട്ടും.

നേരത്തേ കിഫ്ബി തയ്യാറാക്കിയ 50,000 കോടിയുടെ പ്രോജക്റ്റുകൾക്ക് പുറമെയാണ് പുതിയ പ്രോജക്റ്റായി ദേശീയപാത വികസനവും ഉൾപ്പെടുത്തയത്.ഇതിന് സർക്കാർ അംഗീകാരം നൽകിയാൽ കിഫ്ബി ബോർഡ് യോഗം തുടർ നടപടികൾ സ്വീകരിക്കും.ദേശീയപാത വികസനം കൈവിട്ടുപോകരുതെന്ന സർക്കാരിന്റെ നിർബ്ബന്ധ ബുദ്ധിയാണ് ഈ തീരുമാനത്തിലെത്തിച്ചത്.

സംസ്ഥാനത്ത് 600 കിലോ മീറ്റർ ദേശീയപാത നിർമ്മാണത്തിന് 48,000 കോടിയാണ് വേണ്ടത്. ഭൂമി ഏറ്റെടുക്കലിന് മാത്രം വേണ്ടത് 22,000 കോടി. ഇതിന്റെ സംസ്ഥാന വിഹിതമാണ് 5400 കോടി. കാസർകോട് ജില്ലയിൽ സ്ഥലമേറ്റെടുക്കലിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മറ്റ് ഭാഗങ്ങളിലെ നടപടിക്രമങ്ങൾ കഴിയുന്നത്ര വേഗത്തിലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി.സുധാകരനും പലതവണ ചർച്ച നടത്തിയിരുന്നു.കഴക്കൂട്ടം -ചേർത്തല മേഖലയിൽ സ്ഥലമെടുപ്പിനുള്ള നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്.

എൻ.എച്ച്.എ.ഐ സംസ്ഥാനത്തിനൊപ്പം

എത്തുന്നില്ല: മന്ത്രി സുധാകരൻ

ദേശീയപാത വികസനത്തിൽ എൻ.എച്ച്.എ.ഐ സംസ്ഥാന സർക്കാരിനൊപ്പം പലപ്പോഴും സഞ്ചരിക്കുന്നില്ലെന്ന് . മന്ത്രി ജി. സുധാകരൻ പറഞ്ഞു.കഴിഞ്ഞ മൂന്ന് വർഷമായി ദേശീയപാത 66 ൽ നാല് വരിപ്പാത നിർമ്മിക്കാൻ സംസ്ഥാന സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തു. എന്നിട്ടും ഒരു കിലോമീറ്റർ റോഡ് പോലും നിർമ്മിക്കാൻ അവർ തയ്യാറായിട്ടില്ല.

കാസർകോട് ജില്ലയിലെ രണ്ട് മേഖലകൾ ടെണ്ടർ ചെയ്ത് ഒന്നര വർഷമായിട്ടും ടെണ്ടർ തുറന്ന് കരാറുകാരെ നിശ്ചയിച്ചിട്ടില്ല. കോഴിക്കോട് ബൈപ്പാസ് ടെണ്ടർ നടപടി പൂർത്തിയാക്കി 2018 ഏപ്രിൽ മാസത്തിൽ കരാർ വച്ചെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല. കരാർ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് അറിഞ്ഞത്. കരാർ കമ്പനിക്കെതിരെ ചട്ടപ്രകാരമുള്ള നടപടി സ്വീകരിച്ച് കമ്പനിയിൽ നിന്ന് നഷ്‌ടം ഇൗടാക്കിയ ശേഷം പ്രവൃത്തി റീ-ടെണ്ടർ ചെയ്ത് വേറെ ഏജൻസിയെക്കൊണ്ട് ചെയ്യിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.