നെടുമങ്ങാട്: കുന്നിൻചരിവിലെ ഇടുങ്ങിയ റോഡിലൂടെ യാത്രക്കാരെ കുത്തിഞെരുക്കി കെ.എസ്.ആർ.ടി.സി ബസുകൾ പായുന്നത് കാണുമ്പോൾ ഉണ്ടപ്പാറ നിവാസികളുടെ നെഞ്ച് പിടയും. വളഞ്ഞും പുളഞ്ഞും കയറ്റങ്ങളും ഇറക്കങ്ങളും പിന്നിട്ട് വാഹനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ എത്തുന്നതുവരെ യാത്രക്കാർക്കും നെഞ്ചിടിപ്പാണ്. നാടെമ്പാടും ഹൈടെക് റോഡുകൾ കൊണ്ട് നിറയുമ്പോൾ ആനാട്, പനവൂർ, വെമ്പായം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സിൽക്ക് ഫാം- ഉണ്ടപ്പാറ -വള്ളിയറുപ്പൻകാട് റോഡിലാണ് യാത്രക്കാരുടെ ശ്വാസം അടക്കിപ്പിടിച്ചുള്ള വാഹനയാത്ര. സിൽക്ക്ഫാം വളവിൽ വാഹനങ്ങളുടെ കൂട്ടിയിടി നിത്യസംഭവമാണ്. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു വരാനുള്ള വീതി മാത്രമേയുള്ളു.എതിരെ ഒരു ടൂവീലർ വന്നാൽ പോലും മറികടന്ന് പോവുക പ്രയാസകരം. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ വളവുകളിൽ പ്രത്യക്ഷപ്പെടുന്നത് ഓർക്കാപ്പുറത്താവും. കുന്നിൻമുകളിൽ നിന്ന് തടി, പാറ, ഹോളോബ്രിക്സ് ലോഡ് നിറച്ചു വരുന്ന ലോറികൾ വളവുകളിൽ കുടുങ്ങുന്നതും തുടർക്കഥ. കുഴിവിള എൽ.പി സ്‌കൂളും നിരവധി അംഗൻവാടികളും ആരാധനാലയങ്ങളും റോഡിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നുണ്ട്. വില്ലേജ് ഓഫീസ്, ആശുപത്രി എന്നിവിടങ്ങളിൽ എത്താനും വേറെ മാർഗമില്ല. തിരഞ്ഞെടുപ്പ് വേളകളിൽ റോഡ് വികസനത്തെ പറ്റി വായ് തോരാതെ പറയുന്നവർക്ക് പിന്നീട് മിണ്ടാട്ടമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നെടുമങ്ങാട്, വെഞ്ഞാറമൂട് എന്നീ വ്യാപാര കേന്ദ്രങ്ങളെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന അനേകം കർഷക കുടുംബങ്ങളുണ്ട് ഉണ്ടപ്പാറ മേഖലയിൽ. വിളകൾ വിപണിയിലെത്തിക്കുക എന്നത് കർഷകരെ വലയ്ക്കുന്ന പ്രശ്നമാണ്. ഇവിടെ നിന്ന് നെടുമങ്ങാട്ടേക്കും വെഞ്ഞാറമൂട്ടിലേക്കും എട്ടു കി.മീറ്റർ വീതം തുല്യദൂരമാണ്. നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് നിരവധി ഷെഡ്യൂളുകൾ ഇവിടേയ്ക്കുണ്ട്. നെടുമങ്ങാട് നിന്ന് വെമ്പായം, പനവൂർ എന്നിവിടങ്ങൾ വഴി വെഞ്ഞാറമൂട്ടിലേയ്ക്ക് പോകുന്ന രണ്ടു പ്രധാന റോഡുകൾ സിൽക്ക് ഫാം - വള്ളിയറുപ്പൻകാട് റോഡിന്റെ പല ഭാഗങ്ങളിലും മുറിച്ചു കടക്കുന്നുണ്ട്. എം.സി റോഡിലേക്കും ചെങ്കോട്ട ഹൈവേയിലേയ്ക്കും എത്തുന്ന നിരവധി വാഹനങ്ങൾ ബൈ റൂട്ടുകൾ താണ്ടി ഈ റോഡിൽ കുടുങ്ങാറുണ്ട്.