തിരുവനന്തപുരം: പൊലീസിനെ വഴിതെറ്റിക്കാൻ പ്രതികൾ കാട്ടിയ 'അതിബുദ്ധി' വിനയായി. പ്രതികൾ നൽകിയ 'തുമ്പിനെ' പിൻതുടർന്നാണ് പൊലീസ് തിരുപുറത്തൂർ പുത്തൻകട ജോയ് ഭവനിൽ രാജന്റെ മകൾ രാഖിമോളുടെ (30) കൊലപാതകം ചുരുളഴിച്ചത്.
രാഖിയുടെ ഫോൺ തുറക്കുന്നത് അവളുടെ കൈ വിരലടയാളം ഉപയോഗിച്ചായിരുന്നു. പ്രതികൾ മൃതശരീരം മറവു ചെയ്തതോടെ ഫോൺ തുറക്കാനാവാതായി. ഇതോടെ കാട്ടാക്കടയിൽ നിന്ന് സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങി രാഖിയുടെ സിം കാർഡ് ഇട്ടു. അഖിലുമായി വഴിപിരിയുകയാണെന്നും താൻ മറ്റൊരാളുമായി ചെന്നൈയിലേക്ക് പോകുന്നുവെന്നും പ്രതികൾ തന്നെ നിരവധി എസ്.എം.എസുകൾ അഖിലിന്റെ ഫോണിലേക്ക് അയച്ചു.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി അഖിലിന്റെ ബന്ധുക്കൾ നൽകിയ പരാതിക്കൊപ്പം ഈ മെസേജിന്റെ പ്രിന്റൗട്ടും നൽകി. മെസേജ് ഫോർവേഡ് ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടു. തുടർന്നാണ് സിം കാർഡ് യുവതിയുടേതാണെങ്കിലും ഫോൺ മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞത്. ഈ ഫോണിലെ അവസാന ടവർ ലൊക്കേഷൻ അമ്പൂരിയിലേതാണെന്ന് പൊലീസ് മനസിലാക്കി. കാട്ടാക്കടയിലെ കടയിൽ നിന്ന് ഫോൺ വാങ്ങിയത് പ്രതികളാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിന് പണി എളുപ്പമായി.
ലഡാക്കിലുണ്ടെന്ന് അഖിൽ
കൂട്ടുപ്രതി ആദർശ് അറസ്റ്റിലായിട്ടും അഖിൽ കള്ളക്കളി തുടർന്നു. താൻ ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണുള്ളതെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും ഉടൻ നാട്ടിലെത്തി പൊലീസിന് മുന്നിൽ ഹാജരാകുമെന്നും അഖിൽ ഫോണിൽ പിതാവ് രാജപ്പൻനായരോടും മാദ്ധ്യമ പ്രവർത്തകനോടും പറഞ്ഞു. എന്നാൽ ഇയാൾ സൈനിക കേന്ദ്രത്തിലെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. രാഖിയെ ധനുവച്ചപുരത്ത് ഇറക്കിവിട്ടെന്നാണ് അഖിലിന്റെ വാദം.
'ജൂൺ 21ന് രാഖിയെ കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറിൽ കയറ്റി ധനുവച്ചപുരത്ത് ഇറക്കിവിട്ടു. എനിക്ക് 25 വയസായി. രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവൾ പിൻമാറാതെ എന്റെ പുറകേ നടക്കുകയായിരുന്നു. ഞാൻ കഴിവതും ഒഴിവാക്കാൻ ശ്രമിച്ചു.എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽ കിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാൻ 27ന് വൈകിട്ട് 7ന് രാജധാനി എക്‌സ്പ്രസിൽ യാത്രതിരിച്ച് ഡൽഹിയിലെത്തി 29ന് യൂണിറ്റിൽ റിപ്പോർട്ട് ചെയ്തു.'- അഖിൽ പറഞ്ഞു.
സഹോദരൻ രാഹുൽ അറസ്റ്റിൽ?
അഖിലിന്റെ സഹോദരൻ രാഹുൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഓഫീസിൽ കീഴടങ്ങിയതായി ഇന്നലെ മുതൽ പ്രചാരണമുണ്ടായിരുന്നു. ഇയാളുടെ പിതാവാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു. 'അന്വേഷണം വഴിതെറ്റിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിത്. രാഹുലിന്റെ ഒളിയിടം കണ്ടെത്തിയെന്നും ഉടൻ അറസ്റ്റിലാവുമെന്നും' പൂവാർ സി.ഐ ബി.രാജീവ് പറഞ്ഞു. രാഖി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്.
നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു
കേസിൽ നിർണായകമാകുന്ന, രാഖി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് പരിസരത്ത് കൂടി നടന്ന് പോകുന്ന സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ദൃശ്യങ്ങളിലുള്ളത് രാഖി തന്നെയാണെന്നും വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്നും അച്ഛൻ സ്ഥിരീകരിച്ചു. രാഖിയെ കൊണ്ടുവരാൻ അഖിൽ ഉപയോഗിച്ച ഐ10 കാറിന്റെ ഉടമയെയും പൊലീസ് കണ്ടെത്തി. കാർ തിരികെയെത്തിച്ചത് രാഹുലാണെന്നാണ് ഉടമയുടെ മൊഴി. ആദർശാണ് കാർ ഏർപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ വാഹനം ഏറെ നേരം വൃത്തിയാക്കുന്നത് കണ്ടതായി അയൽവാസി പൊലീസിന് മൊഴി നൽകി.
പൊലീസ് ഡൽഹിയിൽ
കേസിലെ ഒന്നാംപ്രതിയായ അഖിലിനെ പിടികൂടാൻ പൊലീസ് സംഘം ഡൽഹിയിലെത്തിയതായി റൂറൽ എസ്.പി പി.കെ.മധു. കേസിന്റെ വിവരങ്ങളും അഖിലിനെ അറസ്റ്റ് ചെയ്യണമെന്നും കരസേനാ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അഖിൽ ഡൽഹിയിലുണ്ടെന്നാണ് വിവരമെന്നും എസ്.പി പറഞ്ഞു. സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിൽ ജോലി ചെയ്യുന്ന അഖിൽ അവധി കഴിഞ്ഞ് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.