kanam-cpi
kanam cpi

തിരുവനന്തപുരം:എറണാകുളം ലാത്തിച്ചാർജിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തകർക്കൊപ്പമാണെന്ന് തോന്നിപ്പിക്കുക പോലും ചെയ്യുന്നില്ലെന്ന വികാരം അണികളിൽ ശക്തമാകവേ, ജില്ലകളിൽ ബ്രാഞ്ച് സെക്രട്ടറിമാരെ പങ്കെടുപ്പിച്ചുള്ള നേതൃത്വ ക്യാമ്പുകൾക്ക് സി.പി.ഐ തുടക്കമിട്ടു. പാർട്ടി പരിപാടികൾ, വർത്തമാനകാല കടമകൾ, സംഘടനാരംഗത്ത് നേതൃത്വത്തിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങളിലായി രണ്ട് ദിവസം നീളുന്ന ക്യാമ്പുകളിലും എറണാകുളം സംഭവത്തിൽ സെക്രട്ടറിയുടെ നിലപാട് വിചാരണ ചെയ്യപ്പെടുമെന്നാണ് സൂചന. 'തങ്ങൾ അങ്ങോട്ട് പോയി തല്ല് വാങ്ങിച്ചതാണ്, പൊലീസ് വീട്ടിൽ കയറി തല്ലിയതല്ല' എന്ന് കഴിഞ്ഞദിവസം കാനം മാദ്ധ്യമങ്ങളോട് പ്രതികരിച്ചതും ഇന്നലെയും നിലപാട് മാറ്റാതിരുന്നതും പ്രവർത്തകരെ നിരാശരാക്കിയെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സംഘടനാനിലവാരം ഉയർത്താനും പാർട്ടി കീഴ്ഘടകങ്ങളെ വരും തിരഞ്ഞെടുപ്പുകൾക്ക് സജ്ജമാക്കാനുമായി നേതൃത്വ ക്യാമ്പുകൾക്ക് തുടക്കമിട്ടത്. നേതാക്കളുടെ ക്ലാസുകൾക്ക് പുറമേ നേതാക്കളുമായുള്ള സംവാദവും ഒരുക്കിയിട്ടുണ്ട്. സംവാദങ്ങളെ നേതൃത്വത്തിനെതിരായ പടയൊരുക്കമാക്കാൻ ഒരു വിഭാഗം കരുക്കൾ നീക്കുകയാണ്. എറണാകുളം സംഭവത്തിൽ പാർട്ടി സെക്രട്ടറിയുടെ സമീപനം പ്രവർത്തകരെ നിരാശരാക്കിയെന്ന വികാരം മുതലെടുക്കാമെന്ന കണക്കുകൂട്ടലിലാണ് കെ.ഇ. ഇസ്‌മായിൽ പക്ഷം.

2015ലെ കോട്ടയം സമ്മേളനത്തിൽ കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായെത്തുമ്പോൾ എറണാകുളവും തിരുവനന്തപുരവും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ മേധാവിത്വം ഇസ്‌മായിൽ ചേരിക്കുണ്ടായിരുന്നു. പിന്നീട് മലപ്പുറം സമ്മേളനമായപ്പോൾ തിരുവനന്തപുരം ജില്ലാഘടകം കാനം പക്ഷത്തേക്ക് ചാഞ്ഞു. എറണാകുളം, ഇടുക്കി, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ ഇപ്പോഴും ഇസ്മായിൽ പക്ഷത്തിന് മേൽക്കൈയുണ്ട്. എറണാകുളമാണ് അവരുടെ ശക്തികേന്ദ്രം. അവിടെ തന്നെയുണ്ടായ സംഭവം വൻവിവാദമായി കത്തിപ്പടരുമ്പോഴാണ് നേതൃത്വ ക്യാമ്പുകൾക്ക് തുടക്കമിടുന്നതും. ആഗസ്റ്റ് അവസാനം വരെ നീളുന്ന ക്യാമ്പുകളിൽ വിവിധ ജില്ലകളിൽ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വിചാരണയാണ് പ്രതീക്ഷിക്കുന്നതും.

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഇടുക്കി എസ്.പിക്കെതിരെ സി.പി.ഐ ജില്ലാനേതൃത്വം പ്രതിഷേധമാർച്ച് നടത്തിയപ്പോൾ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ വിമർശിച്ചതിനെ സംസ്ഥാന എക്സിക്യൂട്ടീവ് തിരുത്തിയിരുന്നു. അതിന് പിന്നാലെ എറണാകുളത്തും പ്രതിരോധത്തിലായ നേതൃത്വത്തിന്റെ സമീപനമാണ് അണികൾക്കിടയിൽ ചർച്ചാവിഷയം. മൂന്നാർ, തോമസ് ചാണ്ടി, മാവോയിസ്റ്റ് വേട്ട പോലുള്ള വിഷയങ്ങളിൽ ശക്തമായി പ്രതികരിച്ച കാനത്തിന്റെ നിഴൽ പോലും ഇപ്പോഴില്ലെന്നാണ് വിമർശനം.

അതേസമയം, തിങ്കളാഴ്ച ജില്ലാ കളക്ടറുടെ റിപ്പോർട്ട് വരുന്നതോടെ വിവാദം മയപ്പെടുമെന്ന് കാനം അനുകൂലികളും കരുതുന്നുണ്ട്. എറണാകുളത്ത് സി.ഐ ഓഫീസ് മാർച്ച് നിശ്ചയിച്ച വിവരം മാത്രമാണ് സംസ്ഥാനസെന്ററിനെ ജില്ലാ നേതൃത്വം അറിയിച്ചതെന്നും ഡി.ഐ.ജി ഓഫീസ് മാർച്ചിന്റെ വിവരം അറിയിച്ചില്ലെന്നുമാണ് ഇവർ പറയുന്നത്. നേതൃത്വത്തെ അറിയിക്കാതെ മാർച്ച് നടത്തി അടി വാങ്ങിച്ചതിലുള്ള അമർഷമാണ് കാനത്തിന്റെ പ്രതികരണമെന്നാണ് അവരുടെവാദം.