നേമം: ബൈക്ക് പാർക്ക് ചെയ്‌തതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് പരിക്ക്. നാലുപേർ മെഡിക്കൽ കോളേജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം ഗണേശത്തിൽ ബാലു, ഇയാളുടെ ഭാര്യ ഇന്ദിര, ബാലുവിന്റെ സഹോദരൻ ഗോപിനാഥൻ നായർ, ഇദ്ദേഹത്തിന്റെ മകൻ അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ബാലുവിന്റെ വീടിന് സമീപം മറ്റൊരു വീടിന്റെ പണി നടക്കുകയാണ്. ഈ ഭാഗത്ത് സമീപവാസിയായ അനിൽകുമാർ ബൈക്ക് പാർക്ക് ചെയ്‌തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബൈക്ക് ബാലുവിന്റെ വീട്ടുകാർ എടുത്ത് മാറ്റിയെന്ന് ആരോപിച്ച അനിൽകുമാറിനെ ബാലുവിന്റെ വീട്ടുകാർ തല്ലിയെന്ന് പൊലീസ് പറഞ്ഞു. ഇത് ചോദ്യംചെയ്യാൻ അനിൽകുമാറിന്റെ സുഹൃത്തുക്കൾ സംഘടിച്ചെത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. ഒരുവിഭാഗം ആൾക്കാർ മർദ്ദിച്ചെന്ന് കാണിച്ച് അനിൽകുമാർ നേമം പൊലീസിൽ പരാതി നൽകി. തലയ്ക്ക് പരിക്കേറ്റ അനിൽകുമാർ ശാന്തിവിള താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.