കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ എന്ന് പറയുന്നത് പോലെ ആഭ്യന്തരം കക്ഷത്ത് വച്ച് കിടപ്പായത് കൊണ്ടാണ് ആരും കാണാതിരുന്ന ആ 'എല്ല് " കോടിയേരി സഖാവ് അന്ന് കണ്ടുപിടിച്ചത് എന്ന് ചില പു.ക.സ നിരൂപകർ നിരീക്ഷിക്കുകയുണ്ടായിട്ടുണ്ട്.
ആ കാലമൊക്കെയങ്ങ് പോയ്പ്പോയിരിക്കുന്നു. ഇന്നിപ്പോൾ ആളെണ്ണത്തിനാണ് പൊലീസിന് എല്ലും. എല്ലിന് തേയ്മാനം സംഭവിച്ച്പോയാൽ ആർദ്രം പദ്ധതിയിൽപ്പെടുത്തി ഭേദപ്പെടുത്താൻ പിണറായി സഖാവ് പ്രത്യേകം ആളെ ചട്ടം കെട്ടിവച്ചിട്ടുണ്ട്. എല്ല് വല്ലതും പൊട്ടിപ്പോയാൽ അംബാനിമുതലാളി വക ഇൻഷ്വറൻസിന് ഐസക് സഖാവും ഏർപ്പാട് ചെയ്തിട്ടുണ്ട്. പൊലീസിന്റേത് എല്ലുവില, കല്ലുവിലയായിരിക്കണമെന്നതിൽ പിണറായി സഖാവിന് നിർബന്ധമായിരിക്കുന്നു. എൽ.ഡി.എഫ് വരും, എല്ലാം ശരിയാവും എന്നതിലെ ശരിയാക്കേണ്ട കൂട്ടത്തിൽ പൊലീസിന്റെ എല്ലും മുൻകാല പ്രാബല്യത്തോടെ ഉൾപ്പെടുത്തിയിരുന്നു.
ഇതെല്ലാം അറിയാവുന്ന ലക്ഷണമൊത്ത സഖാവായിരുന്നു കാനം സഖാവ്. സഖാവിന് വെട്ടൊന്ന്, മുറി രണ്ട് എന്നാണ് ശീലം. പൊലീസിന് എല്ല് കുറഞ്ഞു പോകരുതെന്ന കാര്യത്തിൽ പിണറായി സഖാവിനേക്കാൾ നിർബന്ധബുദ്ധി കാനം സഖാവിനുണ്ട്. എൽദോ എമ്മെല്ലെയിൽ പൊലീസ് എല്ലിന്റെ ബലം പരീക്ഷിച്ച് നോക്കിയപ്പോൾ ആ ബലപരീക്ഷണത്തിൽ കാനം സഖാവിന് സംതൃപ്തി തോന്നാൻ കാരണവും അതാണ്. എമ്മെല്ലേയെ വീട്ടിൽ കയറി പൊലീസ് അടിച്ചിട്ടില്ല. എല്ലിന്റെ ബലം പരീക്ഷിക്കണമെങ്കിൽ അതിനൊത്ത വേദി തന്നെ കിട്ടണം. സമരത്തിന് പോയാലേ ആ ബലപരീക്ഷണം നടക്കൂ. അറിയില്ലെങ്കിൽ ബാലൻ മന്ത്രിയോട് ചോദിച്ചുനോക്കൂ. സമരത്തിന് പോയിട്ടാണ് എമ്മെല്ലേ തല്ല് മേടിച്ചത്. പൊലീസിന്റെ എല്ലിന്റെ ഉറപ്പ് ശരിക്കും കണ്ടെത്താൻ ഈ പരീക്ഷണമേ പാടുള്ളൂ. ഭരണകൂടത്തിന്റെ മർദ്ദനോപകരണമോ വീട്ടുപകരണമോ കമ്പിയോ കൊടച്ചക്രമോ എന്തായാലും അതാണതിന്റെ ഒരിത്. ഞങ്ങടെ പൊലീസ്, ഞങ്ങളെ തല്ലിയാൽ, നിങ്ങൾക്കെന്തേ കോങ്ക്രസേ... എന്ന് വേണ്ടിവന്നാൽ നീട്ടിപ്പാടാനും കാനം സഖാവ് ഒരുക്കമാണ്. അത് പൊലീസിന്റെ ആ എല്ലിനെ ഓർത്തിട്ട് മാത്രമാണ്.
ലക്ഷണമൊത്ത വലത് കമ്മ്യൂണിസ്റ്റാണ് തല്ല് കിട്ടിയ എൽദോ എമ്മെല്ലേയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഏത് തല്ലും ഏറ്റുവാങ്ങാൻ സദാ തുടിക്കുന്ന ഹൃദയമാണ് എൽദോയുടെ ഇന്ധനം. നമ്മള് കൊയ്യും വയലെല്ലാം, നമ്മുടേതാകും പൈങ്കിളിയേ എന്ന് നീട്ടിപ്പാടിയാണ് ശീലം. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി സഖാവിന്റെ തല്ല് തന്നെ തലോടലായി ഏറ്റുവാങ്ങാൻ എൽദോ നേരത്തേ മുതലേ ശീലിച്ചതായിരുന്നു. പ്രളയത്തിലെ കേരളത്തിലെ കെടുതി കണ്ടിട്ട് കേന്ദ്രം ഉറങ്ങുകയാണോയെന്ന് എൽദോ കമ്മ്യൂണിസ്റ്റ് ധീരതയോടെ നിയമസഭയിൽ വച്ച് സംശയിച്ചു പോയതാണ് പിണറായി സഖാവിന് പിടിക്കാതെ പോയത്. കേന്ദ്രം എന്ത് തരുന്നു, സംസ്ഥാനം എന്ത് കൊടുക്കുന്നു, ഇതിനെക്കുറിച്ച് വല്ല ധാരണയും അംഗത്തിനുണ്ടോ എന്നാണ് കണ്ണുരുട്ടി, മൂക്ക് വിറപ്പിച്ച് ഏതാണ്ട് ഒരു കൊല്ലം മുമ്പ് പി. സഖാവ് ചോദിച്ചുകളഞ്ഞത്.
'എന്നാലും എന്നോടിത് വേണമായിരുന്നോ നമ്പൂരീ..."എന്ന് 1967ലെ സപ്തകക്ഷിമന്ത്രിസഭയിൽ തനിക്കിട്ട് പണി തന്ന ഈയെമ്മെസിനോട് എം.എൻ. ഗോവിന്ദൻനായർ ഗദ്ഗദകണ്ഠനായത് പോലൊരു വിലാപമൊന്നും അപ്പോൾ എൽദോയിൽ നിന്നുയർന്നില്ല. ഉപ്പോളം പോകില്ലല്ലോ ഉപ്പിലിട്ടത്. പകച്ചുപോയി ബാല്യം എന്ന മട്ടിൽ എൽദോ വേഗം സീറ്റിലിരുന്നത് കൊണ്ട് തടി കേടാവാതെ കാക്കാനായി! ആ എൽദോയ്ക്ക് പൊലീസിന്റെ തല്ലൊക്കെ വെറും പുല്ലാ, പുല്ല്! ജസ്റ്റ് റിമംബർ ദാറ്റ്!
ഇ-മെയിൽ: dronar.keralakaumudi@gmail.com