nayanthara

ഒരു സിനിമയിൽ അഭിനയിക്കുന്നതിന് നയൻതാരയ്ക്ക് ലഭിച്ച ഉയർന്ന പ്രതിഫലം ആറു കോടി രൂപയാണ്. ഇപ്പോഴിതാ പത്തു കോടി വാഗ്ദാനവുമായി എത്തിയ പരസ്യ ചിത്രത്തോട് നോ പറഞ്ഞിരിക്കുകയാണ് നമ്മുടെ നയൻസ്. ചെന്നൈയിലെ പ്രമുഖ വസ്ത്ര വ്യാപാരിയുടെ പരസ്യ ചിത്രത്തോടാണ് താരം മുഖം തിരിച്ചിരിക്കുന്നത്.

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാറിനെ തന്നെ തന്റെ പരസ്യത്തിൽ ഇക്കുറി നായികയായി വേണമെന്നും പ്രതിഫലംപ്രശ്നമല്ലെന്നുമാണ് ഉടമ അറിയിച്ചത്. പക്ഷേ പ്രോജക്ടിനെ കുറിച്ച് കേട്ടതും നയൻസ് വിസമ്മതിച്ചു. തമിഴിലെ മുൻനിര നായികമാരൊക്കെ വസ്ത്രശാലയുടെ മോഡലുകളായി ഉടമയ്ക്കൊപ്പം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് നയൻസിനെയും അവർ സമീപിച്ചത്.

സിനിമകൾക്കപ്പുറം പരസ്യങ്ങൾക്ക് തലവയ്ക്കാത്ത ആളായിരുന്നു നയൻതാര. അടുത്തിടെയാണ് താരം ഒരു പരസ്യത്തിലെത്തിയത്. അതിനു പിന്നാലെയാണ് വമ്പൻ ഓഫറുമായി വസ്ത്ര വ്യാപാരി രംഗത്തെത്തിയതും. തന്നെ കാണാൻ ആഗ്രഹമുള്ളവർ താനഭിനയിച്ച സിനിമ കണ്ടാൽ മതിയെന്നതാണ് നയൻസിന്റെ നിലപാട്.

അതേസമയം വസ്ത്ര ശാല ഉടമയ്ക്കൊപ്പം അഭിനയിക്കുന്നത് തന്റെ നായികാപ്പട്ടത്തെ ബാധിക്കുമെന്ന് ഭയന്നാണ് താരം പിന്മാറിയതെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥീരികരണം ഇനിയും വന്നിട്ടില്ല. അജിത്തിന്റെ നായികയായി എത്തിയ വിശ്വാസം ആയിരുന്നു 2019ലെ നയൻസിന്റെ ആദ്യ ചിത്രം. അതിനു പിന്നാലെ ഇരട്ട വേഷത്തിൽ അയ്‌ര, ശിവകാത്തികേയനൊപ്പം മി. ലോക്കൽ എന്നീ ചിത്രങ്ങളും നയൻസിന്റേതായി റിലീസ് ചെയ്തു. നിലവിൽ വിജയുടെ നായികയായി ബിജിൽ, രജനീകാന്തിനൊപ്പമുള്ള ദർബാർ എന്നിവയാണ് റിലീസിനായി ഒരുങ്ങുന്നത്.