കഴിഞ്ഞ കുറിപ്പിൽ പറഞ്ഞ മെഡിക്കൽ കോളേജ് പ്രൊഫസർ തന്നെ പറയുന്നു, ''നമ്മുടെ ആശുപത്രികളെല്ലാം വികസിക്കുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ കൂടുതൽ കൂടുതൽ ഉണ്ടാവുന്നു. സർക്കാർ വകയും സ്വകാര്യ വ്യക്തികളുടെ വകയും സംഘടനകളുടെ വകയും. ഈ ആശുപത്രികളിലെല്ലാം പ്രധാനമായും നടക്കുന്നത് ജീവിതശൈലീരോഗങ്ങൾക്കു വേണ്ടിയുള്ള ചികിത്സയാണ്. ഇത്തരം ചികിത്സകളുടെ ചെലവു താങ്ങാൻ പണക്കാർക്കേ സാധിക്കുന്നുമുള്ളൂ. ഈ രോഗങ്ങൾക്കുള്ള ചികിത്സ ജീവിതാന്ത്യം വരെ തുടരുകയും വേണം. അതായത്, രോഗം മാറുന്നതിനുള്ള ചികിത്സയല്ല; രോഗലക്ഷണങ്ങളെ അന്നന്നത്തേക്കു അകറ്റി നിറുത്തുന്നതിനുള്ള മരുന്നുകളേയുള്ളൂ.
''ഈ രോഗങ്ങൾ വരുന്നതിനുള്ള കാരണം ഏവർക്കുമറിയാം - ജീവിതശൈലി തന്നെ. ജീവിതശൈലി മാറ്റിയാൽ രോഗം വരില്ല എന്നർത്ഥം.
''ആ സ്ഥിതിക്ക് എന്തുകൊണ്ട് ആളുകൾ ജീവിതശൈലി മാറ്റുന്നില്ല? ജീവിതശൈലി മാറ്റിയെടുക്കുന്നതിനു വേണ്ടിയുള്ള ഉദ്ബോധനങ്ങൾ നൽകാൻ എന്തുകൊണ്ട് സർക്കാർ മുൻകൈയെടുക്കുന്നില്ല?
''ഞങ്ങളുടെ ചെറുപ്പകാലത്ത് ഹൃദ്റോഗം വരാറുള്ളത് അറുപത് അറുപത്തഞ്ച് ഒക്കെ കഴിഞ്ഞവർക്കു മാത്രമാണ്. ഇപ്പോഴത്തെ സ്ഥിതിയോ? ഇരുപതുവയസുകാർക്കു പോലും ഹൃദ്റോഗം!
''ജീവിതശൈലി ശീലിക്കുന്നത് ചെറുപ്പത്തിലാണ്. കുട്ടികാലം തൊട്ടേ നല്ല രുചിയുള്ള ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ എല്ലാവരും തിന്നു ശീലിക്കുന്നു. താത്കാലികമായ രുചിയുടെ ആകർഷണീയതയാണ് അവയ്ക്കുള്ളത്. ഇത്തരം ആഹാരങ്ങൾ പൊണ്ണത്തടിയുണ്ടാക്കുമെന്നും ജീവിതശൈലീരോഗങ്ങൾ വരുത്തുമെന്നും ഈ ചെറുപ്പക്കാരെ ആരും ഓർമ്മിപ്പിക്കുന്നില്ല. ഫാസ്റ്റ് ഫുഡ് കൗണ്ടറുകൾ മുക്കിനു മുക്കിന് ഉണ്ടാവുകയും ചെയ്യുന്നു. ടൺ കണക്കിന് അവ വിറ്റഴിയുന്നു. 'ഡൈൻ ഔട്ട്" എന്നത് മുതിർന്നവർക്കുപോലും ഇന്നു ഹരമായിത്തീർന്നിരിക്കുന്നു.
''വിദ്യാഭ്യാസമുള്ളവരാരും ശരീരാദ്ധ്വാനം ആവശ്യമുള്ള ജോലി ചെയ്യരുതെന്നതു കേരളീയ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. വ്യായാമം ചെയ്യാനും ആരും മെനക്കെടുന്നില്ല.
''എന്താണ് ജനങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നത്? വേണ്ടതേത് എന്നറിയാത്തതല്ല, വേണ്ടതേത് എന്നറിഞ്ഞിട്ടും ആത്മനിയന്ത്രണമില്ലാത്തതായിത്തീർന്നിരിക്കുന്നു, പുതിയ തലമുറ."
അദ്ദേഹം തന്റെ നിരീക്ഷണം തുടർന്നു. നിസഹായനായി ഞാനെല്ലാം കേട്ടിരുന്നു. ആത്മനിയന്ത്രണം സ്വയം വരുത്താനല്ലാതെ മറ്റുള്ളവരിൽ ഉണ്ടാക്കിയെടുക്കാൻ ആർക്കു സാധിക്കും?