പാറശാല: മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന തീരദേശ മേഖലയാണ് പൊഴിയൂർ. ഇവിടുത്തെ ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ഏക ആതുര ശുശ്രൂഷാകേന്ദ്രമായ പൊഴിയൂർ പ്രഥമികാരോഗ്യകേന്ദ്രം അധികൃതരുടെ അവഗണനകാരണം നശിക്കുകയാണ്. ഇവിടെയെത്തുന്ന രോഗികൾക്കും, ജീവിനക്കാർക്കും പറയാനുള്ളത് തങ്ങൾ അനുഭവിക്കുന്ന വീർപ്പുമുട്ടലിന്റെ കഥകളാണ്. ദിനം പ്രതി 500ൽ പരം രോഗികൾ ചികിത്സതേടിയെത്തുന്ന ഈ ആശുപത്രിയിൽ വേണ്ടത്ര ജീവനക്കാരോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ആശുപത്രിയിൽ ഇൻവെർട്ടർ ഒന്നര വർഷം മുൻപ് കേടായത് കാരണം രാത്രിയിൽ കറണ്ട് പോയാൽ മെഴുകുതിരിയുടെയും മൊബൈലിന്റെയും വെളിച്ചത്തിലാണ് ചികിത്സ നടക്കാറുള്ളത്. പഞ്ചായത്ത് അധികൃതർ പുതിയ ഇൻവെർട്ടർ വാങ്ങി നല്കുന്നതാണെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ പരിഹാരമുണ്ടായില്ല.