തിരുവനന്തപുരം: ഇനി ജയിലുകളിൽ തടവുകാരിറക്കുന്ന അടവുകളോരോന്നും മണത്ത് പിടിക്കും. ഇതിനായി പൂജപ്പുര സെൻട്രൽ ജയിലിൽ ഡോഗ് സ്ക്വാഡിനെ ഉടൻ വിന്യസിക്കാനൊരുങ്ങുകയാണ്. പ്രധാനമായും സെല്ലുകളിൽ തടവുകാർ ഒളിപ്പിക്കുന്ന കഞ്ചാവും മൊബൈൽഫോണും ലോഹക്കഷണങ്ങളുമാകും കണ്ടെത്തുക. ഇതിനായി റോട്ട്‌വീലർ ഇനത്തിൽ പെട്ട രണ്ട് നായ്ക്കളെയാവും ജയിലിൽ നിയോഗിക്കുക. സ്ഫോടകവസ്തുക്കളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മണത്തുപിടിക്കാൻ ഇവയ്ക്ക് വൈദഗ്ദ്ധ്യമുണ്ടാവും. ഇത്തരം രണ്ടുനായ്ക്കളെ വാങ്ങാൻ സൂപ്രണ്ടിന് അനുമതി നൽകിയതായി ദക്ഷിണമേഖലാ ജയിൽ ഡി.ഐ.ജി എസ്. സന്തോഷ് 'കേരളകൗമുദി'യോട് പറഞ്ഞു.
വിയ്യൂർ സെൻട്രൽ ജയിലിലാണ് ജയിൽ വകുപ്പിന്റെ ഡോഗ് സ്ക്വാഡുള്ളത്. മൊബൈൽഫോണും കഞ്ചാവും വൻതോതിൽ പിടികൂടിയതോടെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഡോഗ്സ്ക്വാഡിലെ രണ്ട് നായ്ക്കളെ നിയോഗിച്ചു. ഇതിനു പിന്നാലെ പൂജപ്പുരയിലും ഡോഗ് സ്ക്വാഡിനെ നിയോഗിക്കാൻ ജയിൽമേധാവി ഋഷിരാജ് സിംഗ് നിർദ്ദേശിക്കുകയായിരുന്നു.
പുറത്തുകൊണ്ടുപോയി തിരികെയെത്തുമ്പോഴാണ് തടവുകാർ ശരീരത്തിലെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് കഞ്ചാവും ലഹരിമരുന്നുകളും മൊബൈൽഫോണുകളും ജയിലിലേക്ക് കടത്തുന്നത്. പ്രവേശനകവാടത്തിൽ പരിശോധന ശക്തമല്ലായിരുന്നു. ജയിലുകളിൽ വൻതോതിൽ കഞ്ചാവും മൊബൈൽഫോണും പിടികൂടിയതോടെ പൂജപ്പുരയിലടക്കം സെൻട്രൽ ജയിലുകളുടെ ഗേറ്റിൽ പരിശോധനയ്ക്ക് സ്കോർപിയോൺ കമാൻഡോകളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡോഗ് സ്ക്വാഡിനെ നിയോഗിച്ചത്.
റോട്ട്‌വീലർ, ലാബ്രഡോർ ഇനത്തിൽ പെട്ട നായ്ക്കളെ വിലയ്ക്കു വാങ്ങിയാവും പൂജപ്പുരയിൽ നിയോഗിക്കുക. നായ്ക്കളെയും ഇവയെ പരിചരിക്കാനുള്ള ജയിൽ ഉദ്യോഗസ്ഥരെയും പൊലീസ് ഡോഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥരാണ് പരിശീലിപ്പിക്കുക. ലഹരി വസ്തുക്കൾ മണത്ത് പിടിക്കാൻ ഇവയെ പരിശീലിപ്പിക്കും. നിത്യേന എല്ലാ സെല്ലുകളിലും ജയിൽ പരിസരത്തും ഡോഗ് സ്ക്വാഡ് റോന്തുചുറ്റും. ഇവർക്കായി പ്രത്യേക കൂടും ജയിൽ വളപ്പിൽ തയ്യാറാക്കും.
സെൻട്രൽ ജയിലുകളിൽ ലഹരി വസ്തുക്കളുടെ വേട്ടയ്ക്കായി ആറ് നായ്ക്കളെയാണ് വാങ്ങിയത്. ഇതിൽ നാലെണ്ണം ഇപ്പോൾ വിയ്യൂർ ജയിലിലുണ്ട്. നിരവധി തവണ മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും പിടികൂടിയതോടെയാണ് എല്ലായിടത്തും ഡോഗ് സ്ക്വാഡിനെ നിയോഗിക്കാൻ തീരുമാനമായത്.
റോട്ട് വീലർ
ലോകത്തിലെ ഏറ്റവും ആക്രമണകാരികളായ നായ്ക്കളിലൊന്നാണ് റോട്ട് വീലർ. കില്ലർ ഡോഗ് എന്നാണ് അപരനാമം. മനുഷ്യരെയും ഈ ഇനത്തിലെ നായ്ക്കൾ ആക്രമിക്കും. കൃത്യമായ പരിശീലനം നൽകിയില്ലെങ്കിൽ ഉടമസ്ഥനെയും ആക്രമിക്കും. ജർമ്മിനിയാണ് ജന്മദേശം. ലോകമഹായുദ്ധങ്ങളിൽ ഈയിനം നായ്ക്കളെ ഉപയോഗിച്ചിരുന്നു.
ലാബ്രഡോർ
കനേഡിയൻ വംശജരായ, റിട്രീവർ ഇനത്തിൽപ്പെട്ട നായ്ക്കളാണ് ലാബ്രഡോർ. റിട്രീവർ എന്നാൽ കണ്ടെത്തുന്ന എന്നർത്ഥം. മണത്ത് പിടിക്കാൻ പ്രത്യേക കഴിവുള്ള ലാബ്രഡോർ പൊലീസ് ഡോഗ് സ്ക്വാഡിലും ബോംബ് സ്ക്വാഡിലും ഏറെയുണ്ട്.